പട്‌ന : എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ബിഹാര്‍ പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6E 2433 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിലെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു നടപടി.
പട്‌നയില്‍ നിന്നും ഇന്ന് (ഓഗസ്റ്റ് 04) രാവിലെയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തിന്‍റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ന്ന്, 9.15ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. നിലവില്‍ എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
പറന്നുയര്‍ന്ന വിമാനത്തില്‍ പുക : പറന്നുയര്‍ന്ന ശേഷം പുക കണ്ടതിനെ തുടര്‍ന്ന്നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (Nedumbassery International Airport) വിമാനം തിരിച്ചിറക്കി. കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് (Air India Express) വിമാനമായിരുന്നു തിരിച്ചിറക്കിയത്. യാത്ര തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു വിമാനത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്തിയത്.
വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായിരുന്നു പുക കണ്ട വിവരം ജീവനക്കാരെ അറിയിച്ചത്. ഓഗസ്റ്റ് 2 രാത്രി 10.30നാണ് വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് രാത്രി 11.30ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാര്‍ ദുബായിൽ നിന്ന് വന്ന മറ്റൊരു വിമാനത്തിലാണ് പിന്നീട് യാത്ര ചെയ്‌തത്.