ഗുവാഹത്തി :അസം മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കളുമായി സഞ്ചരിച്ച ഇൻഡിഗോ വിമാനം, ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു. ഇന്ന് ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ (എൽജിബിഐ) നിന്ന് ദിബ്രുഗഡിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ്, യന്ത്ര തകരാറിനെ തുടര്‍ന്നാണ് താഴെയിറക്കിയത്. വിമാനത്തിന്‍റെ രണ്ടാം നമ്പർ എഞ്ചിൻ തകരാറിലായതാണ് സഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിവരം.
അസം ക്യാബിനറ്റ് മന്ത്രി ബിമൽ ബോറ, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് മന്ത്രി രഞ്ജിത് കുമാർ ദാസ് പുറമെ, ധക്വാഖാന എംഎൽഎ നബ കുമാർ ഡോളി, കോൺഗ്രസ് നേതാവ് രമൺ ബോർത്താക്കൂർ, ബിജെപി നേതാവ് സുഭാഷ് ദത്ത എന്നിവരും വിമാനത്തിലുണ്ടായിരുന്നു. ഇൻഡിഗോയുടെ 6E - 2652 ഫ്ലൈറ്റാണിത്. സംഭവത്തില്‍, എയര്‍ലൈന്‍സ് കമ്പനി ഔദ്യോഗിക പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. തകരാർ മൂലം യാത്രക്കാർക്ക് ഏറെനേരമാണ് വിമാനത്തിനുള്ളിൽ ഇരിക്കേണ്ടിവന്നത്. ഇതേ വിമാനം, സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് അടിയന്തരമായി താഴെയിറക്കിയിരുന്നു.
ചരിത്രം രചിക്കാന്‍ ഇന്‍ഡിഗോ ; 500 വിമാനങ്ങള്‍ വാങ്ങും :രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്‍ഡിഗോ. എ320 ഫാമിലി വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയത്. ഇക്കഴിഞ്ഞ ജൂണ്‍ 20നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. എ321 നിയോ, എ320 നിയോ, എ321 എക്‌സ്‌എൽആർ വിമാനങ്ങളാണ് ഓര്‍ഡര്‍ ചെയ്‌തതെന്നാണ് പുറത്തുവരുന്ന വിവരം.