ന്യൂഡല്‍ഹി:പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗര്‍ഭാശയ അര്‍ബുദത്തിനെതിരെ വികസിപ്പിച്ചെടുത്ത ക്വാഡ്രിവാലന്‍റ് ഹ്യൂമണ്‍ പപ്പിലോമവൈറസ്(qHPV) വാക്‌സിന്‍റെ ഉപയോഗ അനുമതി അപേക്ഷ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) വിഷയ വിദഗ്‌ധസമിതി ഇന്ന് പരിഗണിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചത് ജൂണ്‍ എട്ടിനാണ്. വാക്‌സിന്‍ എല്ലാ പ്രായക്കാരിലും എച്ച്പിവി വൈറസുകള്‍ക്കെതിരെ ആന്‍റി ബോഡി ഉത്‌പാദിപ്പിക്കുമെന്ന് അപേക്ഷയില്‍ വ്യക്തമാക്കി.
ഗര്‍ഭാശയ അര്‍ബുദത്തിനെതിരെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്‌സിന്‍: ഉപയോഗ അനുമതി അപേക്ഷ ഇന്ന് പരിഗണിക്കും
സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്
ഈ വര്‍ഷം തന്നെ വാക്‌സിന്‍ വിപണിയില്‍ ഇറക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ശ്രമം. ഗര്‍ഭാശയ അര്‍ബുദത്തിനെതിരെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വാക്‌സിനാണ് ഇത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പുമായി സഹകരിച്ചാണ് ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും ക്ലിനിക്കല്‍ ട്രയല്‍ കമ്പനി നടത്തിയത്.
നാല് വ്യത്യസ്‌ത വൈറസുകള്‍ക്കെതിരെ ശരീരത്തിന് പ്രതിരോധം പ്രാപ്‌തമാക്കുന്ന വൈറസുകളെയാണ് ക്വാഡ്രിവാലന്‍റ് വാക്‌സിന്‍ എന്ന് പറയുക. ഹ്യൂമണ്‍ പപ്പിലോമവൈറസ്(എച്ച്‌പിവി) ബാധ ചര്‍മ്മങ്ങളിലെ സ്‌തരങ്ങളില്‍ വളര്‍ച്ചയുണ്ടാക്കുന്നു. സ്‌ത്രീകളുടെ യോനിയില്‍ ഉണ്ടാകുന്ന എച്ച്‌പിവി ബാധ ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമായേക്കാം. ലൈംഗിക വേഴ്‌ചയിലൂടെയും ത്വക്കിലൂടെയും പകരുന്നതാണ് എച്ച്‌പിവി.