ന്യൂഡല്‍ഹി:രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഫ്ലൈറ്റ് ഡെക്ക് (യുദ്ധ വിമാനങ്ങളുടെ റണ്‍വേ). കേബിളിന്റെ നീളം മാത്രം 2,400 കിലോമീറ്റർ, അതായത് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം. അതി പ്രശസ്തമായ പാരീസിലെ ഈഫല്‍ ടവര്‍ നിർമിക്കാനെടുത്തതിനേക്കാള്‍ നാലിരട്ടി ഇരുമ്പ് കൊണ്ട് നിര്‍മാണം.
കൊച്ചി നഗരത്തെ പ്രകാശപൂരിതമാക്കാന്‍ പര്യാപ്തമായ എട്ട് പവർ ജനറേറ്ററുകള്‍. രണ്ട് ആഫ്രിക്കന്‍ ആനകളുടെ ഭാരമുള്ള മിഗ്-29 കെ യുദ്ധവിമാനത്തെ വഹിക്കാനുള്ള ശേഷി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പ്രത്യേകതകള്‍ ഇനിയുമേറെയുണ്ട്.
നിര്‍മാണം ആരംഭിച്ച് ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മീഷന് ചെയ്യാനൊരുങ്ങുകയാണ് ഐഎന്‍എസ് വിക്രാന്ത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സെപ്റ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന വാഹിനിക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം കപ്പല്‍ ഇന്ത്യൻ നാവികസേനക്ക് കൈമാറിയിരുന്നു.
ഇന്ത്യൻ നേവിയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) രൂപകല്പന ചെയ്ത കപ്പല്‍ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിലാണ് (സിഎസ്എല്‍) നിര്‍മിച്ചത്. 76 ശതമാനവും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച കപ്പലിന് മൂന്ന് ഘട്ടമായി 20,000 കോടി രൂപയാണ് നിര്‍മാണ ചെലവ്. 3ഡി വെർച്വൽ റിയാലിറ്റി മോഡലുകളും നൂതന എഞ്ചിനീയറിങ് സോഫ്റ്റ്വെയറും ഉപയോഗിച്ചായിരുന്നു നിർമാണം.
കപ്പലിലുള്ള സൗകര്യങ്ങള്‍: 262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചര്‍ (ബേസ്ലൈന് മുകളിലുള്ള എക്സ്റ്റെന്ഷന്) ഉൾപ്പെടെ 59 മീറ്റർ ഉയരവുമുള്ള വിമാന വാഹിനിക്കപ്പലിന്റെ നിർമാണം 2009ലാണ് ആരംഭിച്ചത്. കോറിഡോറുകളുടെ നീളം മാത്രം ഏകദേശം എട്ട് കിലോമീറ്ററോളം വരും. ഏകദേശം 28 നോട്ട് (മണിക്കൂറില്‍ 51.856 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുന്ന വിക്രാന്തിന് 18 നോട്ട് ക്രൂയിസിങ് വേഗതയുമുണ്ട്.
ഫിക്സഡ് വിങ് (സാധാരണ വിമാനം), ഹെലികോപ്റ്ററുകള്‍ എന്നിങ്ങനെ 30 ഓളം വിമാനങ്ങൾ വഹിക്കാനാകുന്ന കപ്പലില്‍ നിന്ന് തുടക്കത്തിൽ മിഗ്-29 കെ യുദ്ധവിമാനങ്ങളും കെ-31 ഹെലികോപ്റ്ററുകളുമാണ് ഉൾക്കൊള്ളുക. റഫാൽ (എം), എഫ്-18 സൂപ്പർ ഹോർനെറ്റ് തുടങ്ങിയ യുദ്ധവിമാനങ്ങളും ഭാവിയില്‍ വിക്രാന്തില്‍ നിന്ന് പറന്നുയര്‍ന്നേക്കാം. നാവികസേനയുടെ എസ്ടിഒബിഎആർ (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ലാൻഡിങ്) എന്നറിയപ്പെടുന്ന ഒരു പുതിയ എയർക്രാഫ്റ്റ്-ഓപ്പറേഷൻ മോഡും കപ്പലില്‍ ഉണ്ട്.