ശ്രീനഗർ : ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേ റെയിൽവേ പാലം സാക്ഷാത്കരിച്ചു. അൻജി ഖാഡ് എന്നറിയപ്പെടുന്ന പാലത്തിന്‍റെ പണികൾ പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളെ അറിയിച്ചു. കേബിൾ സ്റ്റേ റെയിൽവേ പാലത്തില്‍ 96 കേബിളുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, 11 മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും അറിയിച്ചു.
രാജ്യത്തെ ആദ്യ റെയില്‍വേ കേബിൾ പാലം യാഥാര്‍ഥ്യമാക്കിയതില്‍ അധികൃതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവും ലഭിച്ചിട്ടുണ്ട്. കേബിൾ ബ്രിഡ്‌ജ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ വീഡിയോ മന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. 848.7 മെട്രിക് ടൺ ഭാരമുള്ള 653 കിലോമീറ്റർ നീളമുള്ള കേബിൾ സ്‌ട്രാൻഡാണ് പാലത്തിൽ ഉപയോഗിച്ചിരിക്കുന്നത്.