ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകൾ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,39,996 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്.
14 വയസിനും 44 വയസിനും ഇടയിലുള്ള 13,36,309 പേർ ആദ്യ ഡോസും ഇതേ പ്രായപരിധിയിലുള്ള 275 പേർ രണ്ടാം ഡോസ് വാക്‌സിനും തിങ്കളാഴ്‌ച സ്വീകരിച്ചു. ഇതോടെ വാക്‌സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിൽ 1,66,47,122 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരിൽ 1,01,25,143 പേർ ആദ്യഡോസും 70,72,595 പേർ രണ്ടാം ഡോസും സ്വീകരിച്ചു. അതേ സമയം കൊവിഡ് മുന്നണി പോരാളികളിൽ 1,71,73,646 പേർ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 90,51,173 പേർ രണ്ടാം ഡോസും സ്വീകരിച്ചു.