ന്യൂഡൽഹി: കൊവിഡ് വ്യാപന വേഗതയെ സൂചിപ്പിക്കുന്ന R- ഫാക്ടർ രാജ്യത്ത് ജൂൺ മാസത്തിനേക്കാൾ ഉയർന്നതായി ചെന്നൈ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിന്‍റെ (ഐ.എം.എസ്.സി) റിപ്പോർട്ട്. കൊവിഡ് വ്യാപന വേഗത ജൂൺ 30 വരെ 0.78 ആയിരുന്നു. എന്നാൽ ഇത് ജൂലൈ ആദ്യ വാരത്തോടെ 0.88 ലേക്ക് ഉയർന്നതായാണ് റിപ്പോർട്ട്. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ഫിസിക്‌സ് പ്രൊഫസർ സീതാഭ്ര സിൻഹയുടെ നേതൃത്വത്തിലായിരുന്നു റിപ്പോർട്ട്.
മൂന്നാം തരംഗത്തിന് സാധ്യത
നിലവിൽ രാജ്യത്ത് ഒരു അതിവേഗ വ്യപനത്തിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത് . ഇത് മൂന്നാം തരംഗത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ R- ഫാക്ടർ 0.93 ൽ നിന്ന് 1.02 ആയി ഉയർന്നിരുന്നു. ഏപ്രിലിൽ തുടങ്ങിയ രണ്ടാമത്തെ തരംഗത്തോടെ ഇത് ഉയർന്ന് 1.31ലെത്തി.