ന്യൂഡൽഹി: ടെലിഫോൺ, ഇന്‍റർനെറ്റ് ഡാറ്റ സിഗ്നലുകൾക്കായുള്ള രാജ്യത്തെ എക്കാലത്തെയും വലിയ സ്പെക്ട്രം ലേലം ആരംഭിച്ചു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനമായ അദാനി ഡേറ്റാ നെറ്റ്‌വർക്‌സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 4ജിയേക്കാൾ പത്തിരട്ടി വേഗമുള്ളതും 3ജിയേക്കാൾ 30 ഇരട്ടി വേഗമുള്ളതുമാണ് 5ജി. 71 ഗിഗാഹെർഡ്സ് ആണ് 20 വർഷത്തേക്ക് ലേലം ചെയ്യുന്നത്. അതായത് 20 വർഷക്കാലമായിരിക്കും ലേലത്തിന് ലഭിക്കുന്ന ലൈസൻസ്.
ഹൈസ്പീഡ് ഡാറ്റ, സൗജന്യ കണക്‌ടിവിറ്റി, ഒരേ സമയം ഡാറ്റ പങ്കിടാന്‍ കോടിക്കണക്കിന് ഉപകരണങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്ന സൗകര്യം തുടങ്ങിയവയാണ് 5ജി സ്പെക്‌ട്രത്തിലൂടെ ലഭിക്കുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്.