ന്യൂഡല്‍ഹി:സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വൻ വര്‍ധന. 2021ല്‍ ഇന്ത്യന്‍ പൗരന്‍മാരുടെയും കമ്പനികളുടെയും നിക്ഷേപം 30,500 കോടി രൂപയായി ഉയര്‍ന്നു. 2020ലെ 20,700 കോടി രൂപയില്‍ നിന്നാണ് 30,500 കോടി രൂപയായി ഉയര്‍ന്നത്.
14 വര്‍ഷത്തിനിടയിലെ ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. സ്വിറ്റ്സര്‍ലന്‍ഡിന്‍റെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക് (എസ്എന്‍ബി) പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 2020ലും ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
സെക്യൂരിറ്റികളിലും ബോണ്ടുകളിലുമായുള്ള നിക്ഷേപമാണ് ഏറ്റവും കൂടുതല്‍. സ്വിസ് ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 4,800 കോടി രൂപയായാണ് 2021ല്‍ വര്‍ധിച്ചത്. ഇത് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരം നിക്ഷേപങ്ങള്‍ കുറഞ്ഞുവരികയായിരുന്നു.
വിവരം അപൂര്‍ണം:2006ലാണ് സ്വിസ്ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. അന്ന് 650 കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നു ഇന്ത്യക്കാരുടെ നിക്ഷേപം. ഈ കണക്കുകള്‍ സ്വിസ് ബാങ്കുകള്‍ എസ്എന്‍ബിക്ക് നല്‍കിയ ഔദ്യോഗിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന്‍റെ കണക്കുകള്‍ ഇവ നല്‍കുന്നില്ല. മൂന്നാമതൊരു രാജ്യത്തിലെ സ്ഥാപനങ്ങളിലൂടെ ഇന്ത്യാക്കാര്‍ നടത്തുന്ന നിക്ഷേപം ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് ഇതിന് കാരണം.
ഈ കാര്യം 2020ലെ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ കണക്ക് പുറത്തുവന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അന്ന് സ്വിറ്റ്സര്‍ലന്‍ഡ് അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടിയിരുന്നു. ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ കള്ളപ്പണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് അധികൃതര്‍ പറയുന്നത്. അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കള്ളപ്പണത്തിനെതിരായുള്ള നടപടികള്‍ക്കെതിരെ സ്വിറ്റ്സര്‍ലൻഡ് ഒപ്പമുണ്ടാകുമെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കുന്നു.
2018ന് മുമ്പുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈമാറുന്നില്ല: നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്‌പരം കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്സര്‍സര്‍ലന്‍ഡും തമ്മില്‍ 2018മുതല്‍ സംവിധാനം നിലനില്‍ക്കുന്നുണ്ട്. 2018 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ധനകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ ഇതുപ്രകാരം ഇന്ത്യന്‍ ആദായ നികുതിവകുപ്പിന് ഒരോ വര്‍ഷവും കൈമാറും. 2019 സെപ്റ്റംബറിലാണ് ആദ്യമായി ഇത്തരം വിവരം സ്വിറ്റ്സര്‍ലൻഡ് ലഭ്യമാക്കിയത്.
എന്നാല്‍ 2018ന് മുമ്പുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ലഭ്യമാക്കുന്നില്ല. സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സംശയിക്കപ്പെടുന്ന ആളുകളുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് നടത്തി എന്നതിന് പ്രാഥമികമായ തെളിവുകള്‍ നല്‍കിയാല്‍ സ്വിറ്റ്സര്‍ലന്‍ഡ് അധികൃതര്‍ ലഭ്യമാക്കും.
സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് യുകെ പൗരന്‍മാര്‍ക്കാണ്. യുഎസ് പൗരന്‍മാരാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പൗരന്‍മാര്‍ 44ാം സ്ഥാനത്താണ്.