ന്യൂഡൽഹി: മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാർ ഗിനിയ നാവികസേനയുടെ കസ്റ്റഡിയിൽ. എണ്ണ മോഷണം ആരോപിച്ചാണ് നോർവേ ആസ്ഥാനമായുള്ള എംടി ഹീറോയിക് ഐഡൻ എന്ന കപ്പലും 16 ഇന്ത്യക്കാരുൾപ്പെടെയുള്ള 26 ക്രൂ അംഗങ്ങളെയും ഗിനിയ നാവികസേന കസ്റ്റഡിയിലെടുത്തത്.
വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 16 ഇന്ത്യക്കാർ ഗിനിയയിൽ തടവിൽ തടവിലാക്കപ്പെട്ടിട്ട് മൂന്ന് മാസം: ഓഗസ്റ്റ് എട്ടിന് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയപ്പോഴായിരുന്നു എണ്ണ മോഷണം ആരോപിച്ച് കപ്പൽ ഗിനിയ നാവികസേന കസ്റ്റഡിയിലെടുത്തത്. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് കപ്പൽ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. വരുന്നത് കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ ടെർമിനലിൽ നിന്ന് മാറ്റി. കപ്പൽ ഗിനിയയുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചപ്പോൾ നൈജീരിയൻ അധികൃതരുടെ നിർദേശപ്രകാരം ബോട്ടിലെത്തിയ ഗിനിയൻ നാവികസേന കപ്പൽ തടയുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടർന്ന് ക്രൂഡ് ഓയിൽ മോഷണം എന്ന രീതിയിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ രണ്ടുലക്ഷം ഡോളർ മോചനദ്രവ്യം ഗിനിയൻ നേവി കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി മോചനദ്രവ്യം നൽകിയെങ്കിലും ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കാൻ നേവി ഉദ്യോഗസ്ഥർ തയാറായില്ല. കഴിഞ്ഞ മൂന്ന് മാസമായി ജീവനക്കാരെയും കപ്പലിനെയും നൈജീരിയക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.
തടവിലാക്കപ്പെട്ടവരിൽ വിസ്‌മയയുടെ സഹോദരനും: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ സഹോദരൻ വിജിത്ത്, സുൽത്താൻ ബത്തേരി സ്വദേശി സാനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൺ എന്നിവരാണ് ഗിനിയ നാവികസേനയുടെ തടവിൽ കഴിയുന്ന മലയാളികൾ. ഇവരെ കൂടാതെ, നാല് മഹാരാഷ്‌ട്ര സ്വദേശികൾ, മൂന്ന് തമിഴ്‌നാട് സ്വദേശികൾ, രണ്ട് ഉത്തരാഖണ്ഡ് സ്വദേശികൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഓരോ ആളുകൾ എന്നിങ്ങനെയാണ് കസ്റ്റഡിയിലുള്ള ഇന്ത്യക്കാർ. എട്ട് ശ്രീലങ്കൻ സ്വദേശികളും പോളണ്ട്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ഓരോരുത്തർ വീതവുമാണ് തടവിലുള്ള ഇതര രാജ്യക്കാർ.
സഹായം അഭ്യർഥിച്ച് തടവുകാർ: അധികൃതരുടെ സഹായത്തിനായി അഭ്യർഥിക്കുന്ന വീഡിയോ തടവുകാർ പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് മാസമായുള്ള കസ്റ്റഡിയെ തുടർന്ന് തടവുകാരിൽ ഭൂരിഭാഗം പേരും രോഗബാധിതരായെന്ന് വീഡിയോയിൽ തടവുകാർ പറയുന്നു. ഡെറാഡൂൺ സ്വദേശിയായ തനൂജ് മേത്തയാണ് കപ്പലിന്‍റെ ക്യാപ്റ്റൻ. മലയാളിയായ സാനു ജോസ് ചീഫ് ഓഫിസറും വിജിത്ത് തേർഡ് ഓഫിസറുമാണ്. ഗിനിയയിലേയും നൈജീരിയയിലേയും അധികാരികൾ പലതവണ ക്രൂവിനെ ചോദ്യം ചെയ്‌തുവെന്നും തങ്ങളെ നിയമവിരുദ്ധമായി നൈജീരിയയ്ക്ക് കൈമാറാൻ പോവുകയാണെന്നും ക്യാപ്‌റ്റൻ തനൂജ് മേത്ത പറയുന്നു. ക്രൂ അംഗങ്ങൾക്ക് ഒന്നിലേറെ തവണ മലേറിയ, ടൈഫോയ്‌ഡ് തുടങ്ങിയ പകർച്ചവ്യാധികൾ സ്ഥിരീകരിച്ചുവെന്ന് വിജിത്ത് പറയുന്നു.
മോചനത്തിനായി ശ്രമം: ഇക്വറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ മിഷൻ തടവുകാരുടെ മോചനത്തിനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ സഹായം അഭ്യർഥിച്ച് രാജ്യസഭ എംപി എഎ റഹീം വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് കത്ത് അയച്ചിരുന്നു. 16 ഇന്ത്യൻ ക്രൂ അംഗങ്ങളെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്നതിൽ അടിയന്തരമായി ഇടപെടണമെന്ന് എഎ റഹീം ജയ്‌ശങ്കറിനോട് അഭ്യർഥിച്ചു.
ക്രൂ അംഗങ്ങളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അംഗങ്ങളുടെ മോചനത്തിനായി ഹൈക്കമ്മിഷനും ഗിനിയയിലെയും നൈജീരിയയിലെയും അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഗിനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ ക്രൂ അംഗങ്ങളും നിലവിൽ സുരക്ഷിതരാണ്. തടങ്കൽ കേന്ദ്രത്തിലുള്ളവരെ കപ്പലിലേക്ക് മാറ്റിയെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.