ഭോപ്പാല്‍ : ഫേസ്‌ബുക്ക് ഫ്രണ്ടിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് പോയ മധ്യപ്രദേശ് സ്വദേശി അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെയാണ് (നവംബര്‍ 29) അട്ടാരി-വാഗ അതിര്‍ത്തി വഴി അഞ്ജു ഇന്ത്യയില്‍ എത്തിയത്. നിലവില്‍ ബിഎസ്‌എഫ് ക്യാമ്പില്‍ കഴിയുന്ന യുവതിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത് വരികയാണ്.
കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഗ്വാളിയോര്‍ സ്വദേശി അഞ്ജു (34) പാകിസ്ഥാനിലേക്ക് പോയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ പഖ്‌തൂൺഖ്വ സ്വദേശി നസ്‌റുദ്ദീന്‍ (29) എന്ന യുവാവിനെ വിവാഹം ചെയ്യാനായിരുന്നു അതിര്‍ത്തി കടന്നത്.
പാകിസ്ഥാനിലെത്തിയ യുവതി നസ്‌റുദ്ദീനെ വിവാഹം ചെയ്യുകയും തുടര്‍ന്ന് ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ഫാത്തിമയെന്ന് പേര് മാറ്റി. കുറച്ച് ദിവസത്തേക്ക് ജയ്‌പൂരിലേക്ക് പോകുകയാണെന്ന് ഭര്‍ത്താവ് അരവിന്ദിനെ ഫോണില്‍ വിളിച്ച് അറിയിച്ചതിന് ശേഷമായിരുന്നു യുവതി പാകിസ്ഥാനിലേക്ക് കടന്നത്.
മകള്‍ മരിച്ചെന്ന് പിതാവ് : ജൂലൈയില്‍ പാകിസ്ഥാനിലേക്ക് കടന്ന മകള്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും യുവതിയുടെ കുടുംബത്തിന് ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ല. മകളുടെ തിരിച്ച് വരവിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പിതാവ് ഗയാപ്രസാദ് തോമസ് വിസമ്മതം പ്രകടിപ്പിച്ചു. അതേസമയം പാകിസ്ഥാനിലേക്ക് പോയ നിമിഷം മുതല്‍ തന്‍റെ മനസില്‍ മകള്‍ മരിച്ചുവെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്‌തു.
എതിര്‍പ്പുമായി ഗ്രാമവാസികള്‍ : പാകിസ്ഥാനിലേക്ക് കടന്ന് മാസങ്ങള്‍ ശേഷം അഞ്ജു തിരിച്ചെത്തിയ വാര്‍ത്ത കേട്ടതിന് പിന്നാലെ ഗ്രാമവാസികളെല്ലാം യുവതിയുടെ വീടിനുപുറത്ത് തടിച്ചുകൂടിയിരുന്നു. യുവതിയെ ഇനിയൊരിക്കലും ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അവള്‍ ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ കൊല്ലുമെന്നാണ് ചിലര്‍ ഭീഷണി മുഴക്കിയത്.
കുടുംബത്തെ മാത്രമല്ല ഈ ഗ്രാമത്തെയും രാജ്യത്തെയും മുഴുവൻ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ് യുവതിയെന്ന് ഗ്രാമവാസിയായ ധർമേന്ദ്ര ഗുർജാർ പറഞ്ഞു. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നു. ആരും രാജ്യത്തേക്കാള്‍ വലിയവരല്ല. എന്നാല്‍ അവള്‍ പാകിസ്ഥാനിലേക്ക് കടന്ന് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി.
also read:Facebook Love | ഫേസ്ബുക്ക് പ്രണയം, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി ആന്ധ്ര സ്വദേശിയെ വിവാഹം ചെയ്‌ത് ശ്രീലങ്കന്‍ യുവതി
അതുകൊണ്ട് ഇനി അവളെ ഈ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്നും ഗുര്‍ജാര്‍ പറഞ്ഞു. അഞ്ജു തിരിച്ചെത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഗ്രാമമുഖ്യന്‍ പറഞ്ഞു. അഞ്ജുവിനെ ഇനിയൊരിക്കലും പ്രവേശിപ്പിക്കില്ലെന്ന് ഗ്രാമവാസികള്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. അവള്‍ ഇങ്ങോട്ടുവരേണ്ട കാര്യമില്ലെന്നും ഗ്രാമമുഖ്യന്‍ വിശദീകരിച്ചു.
തിരിച്ചെത്തിയത് മക്കളെ കാണാന്‍: ജൂലൈയില്‍ ടൂറിസ്റ്റ് വിസയില്‍ പാകിസ്ഥാനിലേക്ക് കടന്ന യുവതി വിവാഹത്തിന് പിന്നാലെ മക്കളെ കാണാത്തതില്‍ ഏറെ വിഷമത്തിലായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ ഫാത്തിമ മക്കളെ കാണാത്തതില്‍ വിഷമത്തിലാണെന്ന് നസ്‌റുദ്ദീന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള മടക്കം.