സുമി: റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായ യുക്രൈൻ നഗരമായ സുമിയില്‍ 400 ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. റഷ്യൻ അതിർത്തിയില്‍ നിന്ന് 50 മാത്രം അകലെയാണ് വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരം. ഇന്നലെ സുമി സിറ്റി മേയർ റഷ്യൻ സൈന്യത്തിന് കീഴടങ്ങിയിരുന്നു. റഷ്യൻ സൈന്യം സുമി നഗരം പിടിച്ചടക്കിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ തങ്ങളുടെ താമസസ്ഥലത്തിന് അടിയില്‍ (ബേസ്‌മെന്‍റില്‍) ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
യുക്രൈൻ യുദ്ധ മുഖത്ത് സഹായം അഭ്യർത്ഥിച്ച് 400 ഇന്ത്യൻ വിദ്യാർഥികൾ
റഷ്യൻ സൈന്യം സുമി നഗരം പിടിച്ചടക്കിയതിനെ തുടർന്ന് സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ തങ്ങളുടെ താമസസ്ഥലത്തിന് അടിയില്‍ (ബേസ്‌മെന്‍റില്‍) ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഇന്ത്യൻ വിദ്യാർഥികൾ. " പുറത്ത് വെടിയൊച്ചകൾ കേൾക്കുന്നതിനാൽ ഇപ്പോൾ, ഞങ്ങൾ ഞങ്ങളുടെ ഡോർമിറ്ററിയുടെ ബേസ്‌മെന്റിൽ ഒളിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് നിലനിൽക്കാൻ ഈ ബേസ്‌മെന്റ് മതിയോ എന്ന് ഞങ്ങൾക്കറിയില്ല. യുക്രൈനിന്‍റെ കിഴക്കൻ ഭാഗത്ത് നിന്ന് ഞങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കണമെന്ന് ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," വിദ്യാർഥികളിലൊരാളായ ലളിത് കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തു. ഇവിടെ എടിഎമ്മുകളും സൂപ്പർമാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും പരിമിതമാണെന്നും അഞ്ചാം വർഷ വിദ്യാർഥിയായ കുമാർ പറഞ്ഞു.
യുക്രൈനിൽ ഏകദേശം 20,000 ഇന്ത്യക്കാരുണ്ടെന്നും അവരിൽ 4,000 ത്തോളം പേർ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.