ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളോട് ശുചിമുറികള്‍ വൃത്തിയാക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തെ അപലപിച്ച രാഹുല്‍, ഇത് രാജ്യത്തിനാകെ അപമാനമാണെന്ന് പറഞ്ഞു.
'ഇന്ത്യൻ വിദ്യാർഥികള്‍ക്ക് നേരെയുണ്ടായ ലജ്ജാകരമായ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണ്. ഓപ്പറേഷൻ ഗംഗയുടെ ഈ കയ്പേറിയ സത്യം മോദി സർക്കാരിന്‍റെ യഥാർഥ മുഖം കാണിച്ചുതന്നു,' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള വിമാനം കയറാന്‍ ഏകദേശം ആയിരം വിദ്യാര്‍ഥികള്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇവരോട് ഫ്ലൈറ്റില്‍ പ്രവേശിക്കും മുന്‍പ് ശുചിമുറി വൃത്തിയാക്കണമെന്ന് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ആരോപണം. ആദ്യം ശുചീകരണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആദ്യം അവസരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആക്ഷേപമുണ്ട്.