ലണ്ടന്‍ : ഇന്ത്യന്‍ സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി യുകെയിലെ ബിര്‍മിങ്ഹാം നഗരത്തിലെ കനാലില്‍ വീണ് മരിച്ചു. തമിഴ്‌നാട് സ്വദേശി ജീവനാഥ് ശിവകുമാര്‍(25) ആണ് മരിച്ചത്. ബിര്‍മിങ്ഹാമിലെ ആസ്‌റ്റണ്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു.
ഇന്ത്യന്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ബിര്‍മിങ്ഹാമിലെ മാട്രോണ്‍ വാക്കിലെ, സെല്ലി ഓക്കിലുള്ള കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വെസ്‌റ്റ് മിഡ്‌ലാന്‍സ് പൊലീസ് സ്ഥിരീകരിച്ചു. വിവരം ലഭിച്ചപ്പോള്‍ തന്നെ വെസ്‌റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ജീവനാഥ് ശിവകുമാറിന്‍റെ മരണത്തില്‍ സംശയാസ്‌പദമായി ഒന്നുമില്ലെങ്കിലും കേസ് പരിഗണനയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദുഃഖം രേഖപ്പെടുത്തി ഐഎന്‍എസ്‌എ: ആസ്‌റ്റണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ നാഷണല്‍ സ്‌റ്റുഡന്‍സ് അസോസിയേഷന്‍ (ഐഎന്‍എസ്‌എ),കോയമ്പത്തൂരിലുള്ള ശിവകുമാറിന്‍റെ ബന്ധുക്കളുടെ അടുത്തേക്ക് മൃതദേഹം എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഐഎന്‍എസ്‌എ സംഘം അറിയിച്ചു. അദ്ദേഹം ജീവിച്ച സുന്ദരമായ ജീവിതത്തിലെ നിമിഷങ്ങളെ ആദരിക്കുവാനും സ്‌മരിക്കുവാനും ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്നിരിക്കുകയാണെന്ന് യുകെയിലെ ഐഎന്‍എസ്‌എ പ്രസ്‌താവിച്ചു.
ജീവനാഥിന്‍റെ മൃതശരീരം പ്രിയപ്പെട്ടവരുടെ പക്കല്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ഐഎൻഎസ്‌എ തീരുമാനിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളില്‍ ആസ്‌റ്റന്‍ സര്‍വകലാശാലയുടെ അധികൃതരും പങ്കുചേര്‍ന്നിട്ടുണ്ട്. തങ്ങളുടെ വിദ്യാര്‍ഥികളില്‍ ഒരാളുടെ ദാരുണമായ മരണത്തില്‍ അസോസിയേറ്റ് പ്രൊ വൈസ് ചാന്‍സലറും ദുഃഖം രേഖപ്പെടുത്തി.