സാന്‍ഫ്രാന്‍സിസ്‌കോ: 23 കാരിയായ ഇന്ത്യൻ വിദ്യാർഥിനി പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ടപ്പോള്‍ സിയാറ്റിൽ പൊലീസ് ഓഫിസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു (US Cop Joking Indian student Death). ഇതിന് പിന്നാലെ ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. ഡാനിയൽ ഓഡറർ (Daniel Auderer) എന്ന ഉദ്യോഗസ്ഥന്‍റെ ബോഡി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത് (Bodycam footage).
ആന്ധ്രാപ്രദേശ് സ്വദേശി ജാഹ്നവി കണ്ടുലയാണ് കൊല്ലപ്പെട്ടത് (Jaahnavi Kandula Death). 2023 ജനുവരി 23ന് ആയിരുന്നു സംഭവം. അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനം സിയാറ്റിലില്‍ വച്ച് ഇന്ത്യൻ വിദ്യാർഥിനിയായ ജാഹ്നവി കണ്ടുലയെ ഇടിക്കുകയായിരുന്നു (Indian student Jaahnavi Kandula struck by police car). കെവിൻ ഡേവ് (Kevin Dave) എന്ന പൊലീസ് ഓഫിസര്‍ ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. അസ്വസ്ഥതയുളവാക്കുന്ന വീഡിയോ ക്ലിപ്പിൽ 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്നത് കാണാം.
സിയാറ്റിൽ പൊലീസ് ഓഫിസേഴ്‌സ് ഗില്‍ഡിന്‍റെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഡാനിയൽ. ഇയാൾ ഗില്‍ഡ് പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് കൊല്ലപ്പെട്ട ജാഹ്നവിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്‌തത്. അവളൊരു സാധാരണക്കാരിയാണെന്ന് പറഞ്ഞ ഡാനിയൽ ഓഡറർ പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അവള്‍ക്ക് അത്ര വിലയേ ഉള്ളൂവെന്നും വീഡിയോയിൽ പറയുന്നത് കാണാം.
അതേസമയം മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ചതാണ്, കന്ദുലയുടെ അകാല മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട പെൺകുട്ടിയെ പരിഹസിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ആളിക്കത്തുകയാണ്. വിദ്യാർഥിനിയുടെ അപകട മരണം പൊലീസ് കൈകാര്യം ചെയ്‌ത രീതി ആഴത്തില്‍ വേദനിപ്പിക്കുന്നതാണ് എന്നായിരുന്നു സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതികരണം.
ദാരുണമായ അപകടത്തിന് കാരണമായ മുഴുവൻ പേർക്കെതിരെയും ഉടനടി നടപടി എടുക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. 'ഈ ദാരുണമായ കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണത്തിനും നടപടിക്കുമായി ഞങ്ങൾ സിയാറ്റിൽ & വാഷിംഗ്‌ടൺ സ്റ്റേറ്റിലെ പ്രാദേശിക അധികാരികളോടും വാഷിംഗ്‌ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്'- ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) പോസ്റ്റ് ചെയ്‌തു. കോൺസുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആയിരുന്നു കൊല്ലപ്പെട്ട ജാഹ്നവി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കുടുംബത്തിന് ഒന്നും പറയാനില്ലെന്നും ഈ പുരുഷന്മാരുടെ പെൺമക്കൾക്കോ പേരക്കുട്ടികൾക്കോ അവർ എന്തെങ്കിലും വില കൽപ്പിക്കുന്നുണ്ടോ എന്നാണ് താൻ അത്ഭുതപ്പെടുന്നതെന്നും ജാഹ്നവി കണ്ടുലയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്ഥാപിച്ച ഗോഫണ്ട്‌മി (GoFundMe) ഫണ്ട് റൈസർ പേജിൽ ബന്ധുവായ അശോക് കണ്ടുല കുറിച്ചു.