തിരുവനന്തപുരം: ഗിനിയൻ നാവികസേനയുടെ തടവിൽ കഴിയുന്ന മൂന്ന് മലയാളികളടക്കമുള്ള 16 ഇന്ത്യൻ നാവികരുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നോർവീജിയൻ കപ്പലായ എംടി ഹീറോയിക് ഈഡുനും കപ്പലിലെ 26 നാവികരെ കഴിഞ്ഞ മൂന്ന് മാസമായി എണ്ണ മോഷണം ആരോപിച്ച് ഗിനിയ നാവികസേന തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ മോചനകത്തിനായി ഗിനിയയിലെയും നൈജീരിയയിലേയും ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർഥിക്കുന്നു.
മുഖ്യമന്ത്രിയുടെ കത്ത്: എണ്ണ മോഷണം ആരോപിച്ച് നിയമവിരുദ്ധമായാണ് കപ്പൽ ഗിനിയ നാവികസേന കസ്റ്റഡിയിലെടുത്തതെന്നും എന്നാൽ പരിശോധനയിൽ എണ്ണ കണ്ടെത്താൻ കഴിയാതിരുന്നിട്ടും കപ്പലും ക്രൂ അംഗങ്ങളെയും മോചിപ്പിക്കാൻ തയാറായില്ലെന്നും പിണറായി വിജയൻ പറയുന്നു. കപ്പലിലെ ക്രൂ അംഗങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും നാവികരുടെ മോചനത്തിനായി പിഴ അടയ്ക്കാൻ ഷിപ്പിങ് കമ്പനി തയാറായിരുന്നു. നൈജീരിയൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം സെപ്റ്റംബർ 28ന് കമ്പനി പിഴ അടച്ചതിന് ശേഷവും കപ്പൽ അന്യായമായി തടവിൽ വച്ചിരിക്കുകയാണ്. നാവികരുടെ മോചനത്തിലെ അപ്രതീക്ഷിത കാലതാമസം ക്രൂവിന്‍റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും.
സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിക്കുന്നു. തടവിലാക്കപ്പെട്ട നാവികർ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
വിസ്‌മയയുടെ സഹോദരനും: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ സഹോദരൻ വിജിത്ത് നായരും തടവിലാക്കപ്പെട്ട മലയാളികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. താനടക്കമുള്ള 15 ജീവനക്കാരെ ഗിനിയയുടെ തലസ്ഥാനമായ മലാബോയിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് വിജിത്ത് അയച്ച ദൃശ്യങ്ങളിൽ പറയുന്നു. ഹോട്ടലിൽ താമസിപ്പിക്കാനെന്ന വ്യാജേന കപ്പലിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം ജയിലിലടക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ജയിലിന് കാവൽ നിൽക്കുകയാണെന്നും വിജിത്ത് പറയുന്നു.