ന്യൂഡൽഹി:കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് കെയർ കോച്ചുകൾ ഒരുക്കി ഇന്ത്യൻ റെയിൽവേ. നിലവിൽ 3816 കോച്ചുകൾ കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ലഭ്യമാണ്. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം കൂടുതൽ കോച്ചുകൾ കൊവിഡ് സെന്‍ററുകളാക്കി മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് കെയർ കോച്ചുകളൊരുക്കി ഇന്ത്യൻ റെയിൽവേ - covid patients indian railway news
സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം കൂടുതൽ കോച്ചുകൾ കൊവിഡ് സെന്‍ററുകളാക്കി നൽകുമെന്ന് ഇന്ത്യൻ റെയിൽവേ. നിലവിൽ 3816 കോച്ചുകൾ കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ലഭ്യമാണ്.
മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ 21 കൊവിഡ് കെയർ കോച്ചുകൾ ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്. 47 രോഗികളാണ് ഇവിടത്തെ റെയിൽവേ കോച്ചുകളിൽ ചികിത്സയിലുള്ളത്. 50 കൊവിഡ് കെയർ കോച്ചുകൾ ഷക്കൂർ ബസ്തിയിലും 25 കോച്ചുകൾ ആനന്ദ് വിഹാറിലും 10 എണ്ണം വീതം വാരണാസി, ഭാദോഹി, ഫൈസാബാദ് എന്നിവിടങ്ങളിലുമുണ്ട്. മധ്യപ്രദേശ് സർക്കാരും 40 കൊവിഡ് കെയർ കോച്ചുകൾ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച മുതൽ ഇവ കൊവിഡ് ബാധിതർക്കുള്ള ചികിത്സക്കായി സർക്കാരിന് കൈമാറും.
കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് ചികിത്സാ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഇന്ത്യൻ റെയിൽവേയും സമഗ്രമായ പരിശ്രമം നടത്തിവരുന്നു. മൊത്തം 5601 ട്രെയിൻ കോച്ചുകളാണ് കൊവിഡ് കെയർ സെന്‍ററുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. ഇവയിൽ 3816 കോച്ചുകളാണ് നിലവിൽ ലഭ്യം. അതിഗുരുതരമല്ലാത്ത രോഗബാധിതരെയാണ് റെയിൽവേ കോച്ചുകളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്.