ന്യൂഡല്‍ഹി: കയ്യേറി നിര്‍മിച്ച നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നോട്ടിസ് നല്‍കി ഇന്ത്യന്‍ റെയില്‍വേ. ബംഗാളി മാർക്കറ്റ് ഏരിയയിലെ ഒരു പള്ളിക്കും പ്രഗതി മൈതാൻ മെട്രോ സ്‌റ്റേഷന് സമീപമുള്ള മറ്റൊരു പള്ളിക്കുമാണ് 15 ദിവസത്തിനകം കയ്യേറ്റങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ അധികൃതര്‍ നോട്ടിസ് നല്‍കിയത്. ന്യൂഡൽഹിക്കും ഗാസിയാബാദിനും ഇടയിലുള്ള പ്രധാന പാതയിലെ റെയിൽവേ ഭൂമിയിലാണ് കെട്ടിടങ്ങളെന്ന് നോർത്തേൺ റെയിൽവേ വക്താവും അറിയിച്ചു.
റെയിൽവേയുടെ കയ്യേറ്റ ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത് ഒരു പതിവ് നടപടിക്രമമാണെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ തിലക് പാലത്തിന് സമീപമുള്ള തഖിയ ബാബർ ഷാ മസ്‌ജിദും ബംഗാളി മാർക്കറ്റിന് സമീപമുള്ള മറ്റൊരു പള്ളിയും ബോർഡിന്‍റെ സ്വത്തുകളാണെന്നും, ഇത് പൊളിച്ചുനീക്കണമെന്ന അറിയിപ്പ് ആശ്ചര്യപ്പെടുത്തുന്നുവെന്നും ഡല്‍ഹി വഖ്‌ഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വിശദീകരണവുമായി വഖ്‌ഫ് ബോര്‍ഡ്:1973ല്‍ ഡല്‍ഹി വഖ്‌ഫ് ബോര്‍ഡിനോട് റെയില്‍വേ മസ്‌ജിദ് തഖിയ ബാബര്‍ ഷാ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചെറിയൊരു ഭാഗം വിട്ടുതരാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതുപ്രകാരം 94 സ്‌ക്വയര്‍ യാര്‍ഡ് (ഏതാണ്ട് രണ്ട് സെന്‍റ്) വഖ്‌ഫ് ബോര്‍ഡ് റെയില്‍വേയ്‌ക്ക് വിട്ടുനല്‍കി. ഇപ്പോള്‍ തങ്ങള്‍ക്ക് കീഴിലുള്ള സ്ഥലത്തെ നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്ന് പറഞ്ഞ് നോട്ടിസ് നല്‍കിയത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് വഖ്‌ഫ് ബോര്‍ഡ് അംഗം മെഹ്‌ഫൂസ് മുഹമ്മദ് പറഞ്ഞു. ഈ രണ്ട് പള്ളികളും ബ്രിട്ടീഷുകാർ ഡൽഹി വഖഫ് ബോർഡിന് കൈമാറിയ സ്വത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഏറ്റെടുക്കാൻ ശ്രമിച്ച 123 വഖഫ് ബോർഡ് സ്വത്തുക്കളിൽ ഇവയും ഉൾപ്പെടുന്നുവെന്നും ഇതിനെ ചോദ്യം ചെയ്‌ത് വഖഫ് ബോർഡ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.