തന്‍റെ പാര്‍ട്ടിയിലെ സാമാജികരെ ബിജെപി വിലക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആരോപണവും അതിനെ സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് വന്നത് അടുത്തിടെയാണ്. ഓരോ നിയമസഭാംഗത്തിനും കോടികള്‍ വാഗ്‌ദാനം ചെയ്‌തുവെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് നിരസിച്ച തന്‍റെ എംഎല്‍എമാരെ പ്രചാരണവേദിയില്‍ അണിനിരത്തിയതും മുനുഗോഡ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടതുമെല്ലാം ദേശീയ രാഷ്‌ട്രീയം കണ്ടതാണ്. ഡല്‍ഹിയിലും പഞ്ചാബിലുമായുള്ള തന്‍റെ എംഎല്‍എമാര്‍ക്കായി ബിജെപി ചൂണ്ടയെറിഞ്ഞുവെന്ന സമാനമായ ആരോപണം ആം ആദ്‌മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാളും അറിയിച്ചിരുന്നു. ഈ സമയത്തെല്ലാം ജനപ്രതിനിധികളെ ചരക്ക് വസ്‌തുക്കള്‍ പോലെ വിലയിട്ട് വാങ്ങുന്നതിലെ രാഷ്‌ട്രീയ ധാര്‍മികതയും, സ്വന്തം നിലനില്‍പ്പിനും സ്വാര്‍ഥ താത്‌പര്യങ്ങള്‍ക്കുമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുന്ന പ്രവണതയേയും ഒരുപാട് പേര്‍ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ പൊട്ടിമുളച്ച ഒരു പ്രതിഭാസമാണോ ഇത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
പരസ്‌പരം കുറ്റപ്പെടുത്തുന്നതിലും ജനാധിപത്യത്തിന്‍റെ മറവില്‍ കൊഞ്ഞനം കുത്തുന്നതിലും എല്ലാ പാര്‍ട്ടികളും ഒരുപോലെ തന്നെയാണ്. ഊടുവഴികളിലൂടെ ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കാറുമില്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് മുറവിളികൂട്ടുന്നതില്‍ ഇന്ന് ഒന്നാമത് നില്‍ക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയും, പ്രതിപക്ഷ കക്ഷികള്‍ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലുള്ള സര്‍ക്കാരുകളെ തകര്‍ത്തും കോണ്‍ഗ്രസ് ചെയ്‌തതും തത്തുല്യമായ ജനാധിപത്യവധം തന്നെയല്ലേ?. 1984 ല്‍ പരിപൂര്‍ണ ഭൂരിപക്ഷമുണ്ടായിരുന്ന എന്‍.ടി രാമറാവു സര്‍ക്കാരിനെ ഒന്നര വര്‍ഷക്കാലയളവില്‍ പുറത്താക്കി ഇന്ദിര ഗാന്ധി രാഷ്‌ട്രീയത്തിന് സംഭാവന ചെയ്‌തതും ഇതേ തന്ത്രം തന്നെയാണ്.
കാലക്രമേണ ഭാരതീയ ജനതാ പാര്‍ട്ടി അവരുടെ പ്രതിബദ്ധതയുള്ള ആര്‍എസ്‌എസ് കേഡറിന്‍റെ പിന്തുണയോടെ ചോദ്യം ചെയ്യാനില്ലാത്ത ശക്തിയായി മാറി. ഇതോടെ എതിരാളികളെ വേട്ടയാടിയും പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്തിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളും ഒട്ടും പിന്നിലല്ലെന്ന് കാണിച്ചുതന്നെയായിരുന്നു മുന്നോട്ടുപോക്ക്. അരുണാചൽ പ്രദേശിലും മധ്യപ്രദേശിലും മണിപ്പൂരിലും ഗോവയിലും കർണാടകയിലുമുള്‍പ്പടെ അംഗങ്ങളെ കൂറുമാറ്റിയും പിണങ്ങിനിന്നവരെ ഒപ്പം കൂട്ടിയും സൃഷ്‌ടിച്ച വളക്കൂറുള്ള മണ്ണിലാണ് താമര വിടര്‍ന്നത്. മഹാരാഷ്‌ട്രയിലെത്തിയപ്പോള്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും അടങ്ങുന്ന മഹാ സഖ്യത്തിന് കേന്ദ്ര ഭരണകക്ഷി 'ഒപ്പീസ്' പാടിയതും ഇത്തരത്തില്‍ തന്നെയാണ്.