കേരളം

kerala

ETV Bharat / bharat

'എംവി ലീല നോർഫോക്ക്' സുരക്ഷിതം; കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ മോചിപ്പിച്ച്‌ ഇന്ത്യൻ നാവികസേന - ഇന്ത്യൻ നാവികസേന

hijacked ship rescued: വ്യാപാരക്കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെയും മറ്റ് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി സൈനിക ഉദ്യോഗസ്ഥർ.

hijacked ship rescued  navy commandos rescued  കപ്പല്‍ മോചിപ്പിച്ചു  ഇന്ത്യൻ നാവികസേന  Indian navy
hijacked ship rescued

By ETV Bharat Kerala Team

Published : Jan 5, 2024, 10:50 PM IST

ന്യൂഡൽഹി : സൊമാലിയന്‍ തീരത്ത്‌ നിന്ന്‌ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള എംവി ലീല നോർഫോക്ക് (MV Lila Norfolk) എന്ന വ്യാപാരക്കപ്പല്‍ മോചിപ്പിച്ചു (navy commandos rescued hijacked ship). 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി അറിയിച്ചു. ഇന്ത്യൻ നേവിയുടെ മാര്‍ക്കോസ്‌ എന്ന ഉന്നത കമാൻഡോ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

തന്ത്രപ്രധാനമായ ജലപാതകളിലെ വിവിധ കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ്‌ (യുകെഎംടിഒ) വ്യാഴാഴ്‌ച എംവി ലൈല നോർഫോക്ക് എന്ന ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്‌ത വിവരം റിപ്പോർട്ട് ചെയ്‌തത്‌.

ഐഎൻഎസ് ചെന്നൈയില്‍ നിന്ന്‌ വിന്യസിച്ച ഹെലികോപ്‌റ്റര്‍ ചരക്ക്‌ കപ്പലിന്‌ മുകളിലെത്തി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. തുടര്‍ന്ന്‌ കൊള്ളക്കാര്‍ ഉപേക്ഷിച്ച്‌ പോയതായി സൈനികര്‍ അറിയിച്ചു. അഞ്ച് മുതൽ ആറ് വരെ അജ്ഞാതരായ ആയുധധാരികള്‍ കപ്പലില്‍ പ്രവേശിച്ചതായി യുകെഎംടിഒ പോർട്ടലിൽ സന്ദേശം അയച്ചതായി നാവികസേന വക്താവ് പറഞ്ഞു.

സാഹചര്യത്തോട് അതിവേഗം പ്രതികരിച്ച ഇന്ത്യൻ നാവികസേന, സമുദ്ര പട്രോളിങ് ആരംഭിക്കുകയും കപ്പലിനെ സഹായിക്കാൻ സമുദ്ര സുരക്ഷ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച ഐഎൻഎസ് ചെന്നൈ വഴിതിരിച്ചുവിടുകയും ചെയ്‌തു. ഇന്ത്യൻ നാവികസേനയുടെ മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ് വെള്ളിയാഴ്‌ച പുലർച്ചെ കപ്പലിനെ മറികടക്കുകയും കപ്പലുമായി ബന്ധം സ്ഥാപിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എംവി ചെം പ്ലൂട്ടോ: ഇതിന്‌ മുന്നെ എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന്‌ നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. മംഗലാപുരത്തേക്ക് പോകും വഴിയാണ് ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലിനുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട കപ്പലില്‍ 21 ഇന്ത്യാക്കാരും ഒരു വിയറ്റ്നാം പൗരനുമുണ്ടായിരുന്നു.

അതേസമയം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അറബിക്കടലില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. നിരീക്ഷണത്തിനായി പി 81 വിമാനവാഹിനിക്കപ്പലും ഐഎന്‍എസ് മര്‍മഗോവയുമാണ് പുതുതായി വിന്യസിക്കപ്പെട്ടത്. ഇതിന് പുറമെ ഐഎന്‍എസ് വിക്രം, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ALSO READ:എംവി ചെം പ്ലൂട്ടോ : അറബിക്കടലില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ നാവിക സേന, മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

ABOUT THE AUTHOR

...view details