7800 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള തീരം അതിരിടുന്ന വിശാലമായ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ഇന്ത്യന്‍ നാവിക സേനയ്ക്കുള്ളത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ സുരക്ഷ മേല്‍ നോട്ടം മാത്രമല്ല, വര്‍ദ്ധിച്ചു വരുന്ന കടല്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത്, സായുധ കൊള്ള, മനുഷ്യക്കടത്ത്, തീവ്രവാദം, കടല്‍ക്കൊള്ള, കടലിലെ മറ്റ് ക്രിമിനല്‍ പ്രവൃത്തികള്‍, അനധികൃത കുടിയേറ്റങ്ങള്‍, അനധികൃത മല്‍സ്യ ബന്ധനം, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയൊക്കെ നേരിടുക എന്നത് ഇന്ത്യന്‍ നാവികസേനയുടെ ചുമതലകളാണിന്ന്.
സമസ്ത മേഖലകളിലും മല്‍സരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയും ചൈനയും ഒരുപോലെ കണ്ണു വെക്കുന്ന അതി നിര്‍ണ്ണായകവും തന്ത്രപ്രധാനവുമായ മേഖലയാണിന്ന് ഇന്തോപസഫിക് റീജിയൺ. ഈ പ്രാധാന്യം കണക്കിലെടുത്ത് മേഖലയിലെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഇന്ത്യന്‍ നേവിയും അടിക്കടി സ്വയം സജ്ജരാകുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ലോകോത്തര നാവിക സേനയെന്ന നിലയില്‍ നൂതനമായ പടക്കോപ്പുകളും കപ്പലുകളും മുങ്ങിക്കപ്പലുകളും വിമാന വാഹിനികളും അന്തര്‍വാഹിനികളും ആളില്ലാ യാനങ്ങളും ആളില്ലാ അന്തര്‍വാഹിനികളും കാലാകാലങ്ങളില്‍ സ്വന്തമാക്കി തങ്ങള്‍ ലോകത്തെ മികച്ച നാവികസേനയാണെന്ന് ഇന്ത്യന്‍ നേവി ഉറപ്പാക്കാറുണ്ട്.
തന്ത്രപരവും സാങ്കേതികവുമായ ആനുകാലിക സാഹചര്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കുമനുസരിച്ച് തങ്ങളുടെ തന്ത്രങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ മാരിടൈം സ്ട്രാറ്റജി ഡോക്യുമെന്‍റിലൂടെ നേവി വ്യക്തമാക്കുന്നുണ്ട്.
കടലിലും ചൈനയുണ്ട് നേരിടണം: സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യയുടെ മുഖ്യ എതിരാളി ചൈനയാണെന്നതില്‍ തര്‍ക്കമില്ല. പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, മ്യാന്‍മാര്‍, ശ്രീലങ്ക,തായ്‌ലന്‍ഡ് എന്നിവയെയൊക്കെ ഇന്ത്യക്കെതിരെ തിരിക്കാന്‍ നിരന്തരം കരുനീക്കുന്നത് ചൈനയാണ്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് അടുത്തുള്ള ചൈനീസ് പടക്കപ്പലുകളുടേയും ആണവ അന്തര്‍വാഹിനികളുടേയും വിന്യാസം നമുക്ക് തലവേദനയാണ്. അതുമാത്രമല്ല, സമുദ്രാതിര്‍ത്തി ലംഘിച്ചെത്തുന്ന ചൈനീസ് മീന്‍പിടുത്തക്കാരും ചൈനീസ് ഗവേഷണ യാനങ്ങളുമൊക്കെ നേവിക്ക് തലവേദനയാണ്.
അടുത്തകാലത്ത് വലിയ ആശങ്കയ്ക്ക് വഴി വെക്കുന്ന മറ്റൊരു നീക്കവും ചൈനയുടെ ഭാഗത്തു നിന്നുണ്ടായി. 2019 ഡിസംബറിനും 2020 ഫെബ്രുവരിക്കുമിടെ 12 ജലാന്തര്‍ ഡ്രോണുകളടങ്ങിയ ഒരു കപ്പല്‍ നിരയെ ഇന്ത്യന്‍ ഓഷ്യന്‍ മേഖലയില്‍ വിന്യസിക്കുകയുണ്ടായി.
2023 ജനുവരിയില്‍ ലോകത്തെ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പ്രവൃത്തിക്കുന്ന ആളില്ലാ ഡ്രോണ്‍ വാഹിനി സു ഹായ് യുന്‍ ചൈന പുറത്തിറക്കിയിരുന്നു. റിമോട്ട് സെന്‍സിങ്ങ് വഴി പ്രവർത്തിക്കുന്ന, സ്വതന്ത്രമായി എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ എന്നുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. ആളില്ലാ അന്തര്‍വാഹിനികള്‍ നാവിക രഹസ്യാന്വേഷണ നീക്കങ്ങള്‍ക്ക് ചൈന ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എഐ ഡ്രോണ്‍വാഹിനി കൂടി ചേരുമ്പോള്‍ ഭാവിയില്‍ ചൈനീസ് ചാര പ്രവര്‍ത്തനം ഏതു തലത്തിലെത്തും എന്നാണ് ഇന്ത്യ ഭയക്കുന്നത്. സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള മുന്നേറ്റ മേഖലകളില്‍ ഇവ വിന്യസിക്കുന്നതോടെ ഇന്ത്യന്‍ ഓഷ്യന്‍ മേഖലയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാകും.
ലോകത്തെ ഒന്നാമത്തെ ശക്തിയാകാൻ: 2035 ആകുമ്പോഴേക്കും 175 പടക്കപ്പലുകളുള്ള സുസജ്ജമായൊരു നാവികശക്തിയാവുക എന്ന ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ നാവിക സേന മുന്നോട്ടു പോകുന്നത്. തദ്ദേശീയമായിത്തന്നെ പടക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതോടെ ഇക്കാര്യത്തില്‍ നമുക്കിനി വിദേശ ശക്തികളെ ആശ്രയിക്കേണ്ടി വരില്ല. നിര്‍മ്മാണത്തിലിരിക്കുന്ന 43 യുദ്ധക്കപ്പലുകളില്‍ 41 എണ്ണവും ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഷിപ്പ്‌യാര്‍ഡുകളില്‍ത്തന്നെയാണ് നിര്‍മ്മിക്കുന്നത്. 49 പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുമാണ്.
ഇന്ത്യന്‍ നേവിയുടെ 2012- 2027 കാലയളവിലേക്കുള്ള മാരിടൈം കേപ്പബിലിറ്റി പെര്‍സ്പെക്റ്റീവ് പ്ലാന്‍ പ്രകാരം 2030 ഓടെ സേനയുടെ ഭാഗമാക്കേണ്ടുന്ന 24 കപ്പലുകളില്‍ എട്ടെണ്ണത്തിന്‍റെ കുറവ് മാത്രമാണ് ഇപ്പോഴുള്ളത്. കാല്‍വരി ഗണത്തില്‍പ്പെട്ട 5 മുങ്ങിക്കപ്പലുകള്‍ കൂടി സേനയുടെ ഭാഗമായിക്കഴിഞ്ഞപ്പോഴുള്ളതാണ് ഈ കണക്ക്. ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തുമടക്കം രണ്ട് വിമാനവാഹിനികളാണ് നാവികസേനക്ക് ഇപ്പോഴുള്ളത്. വിക്രാന്ത് മാതൃകയില്‍ ഒന്നു കൂടി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.
അടിയന്തരമായി കൂടുതല്‍ ആളില്ലാ യാനങ്ങളും ആളില്ലാ അന്തര്‍വാഹിനികളും നേവിയുടെ ഭാഗമാക്കേണ്ടതുണ്ട്. ഇത് ലക്ഷ്യമിട്ട് 2021 മുതല്‍ 2030 വരെ വികസിപ്പിക്കേണ്ട ആളില്ലാ പ്ലാറ്റ്ഫോമുകളെക്കുറിച്ച് വ്യക്തതക്കായി ഇന്‍റഗ്രേറ്റഡ് അണ്‍മാന്‍ഡ് റോഡ്മാപ്പ് ഫോര്‍ ഇന്ത്യന്‍ നേവി എന്ന മാർഗ രേഖ തന്നെ നേവി പുറത്തിറക്കിയിട്ടുണ്ട്. പടക്കപ്പലുകള്‍ക്കാവശ്യമായ 40 നേവല്‍ അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം അഥവാ NUAS വാങ്ങിക്കാനായി നേവി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. 1300 കോടിക്ക് ഇത്തരം 10 നേവല്‍ അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
2023 ജൂലൈ 28 ന് ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സും എഞ്ചിനീയേഴ്സ് ലിമിറ്റഡും ചേര്‍ന്ന് പുറത്തിറക്കിയ ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ സമുദ്രാന്തര്‍ സര്‍വേകള്‍ക്കും മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനുമൊക്കെ ഫലപ്രദമാണ്. ഈ മേഖലയില്‍ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിന് വേഗം കൂട്ടാനാണ് നേവി ശ്രമിക്കുന്നത്.
ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ വികസിപ്പിച്ച സമുദ്രാന്തര്‍ ഡ്രോണുകളായ അദമ്യ, അമോഘ്, മായ, ടാര്‍ഡിഡ് ടെക്നോളജീസിന്‍റെ ആളില്ലാ യാനങ്ങള്‍, സാഗര്‍ ഡിഫന്‍സ് എഞ്ചിനീയറിങ്ങ് ലിമിറ്റഡിന്‍റെ ഇരച്ചുകയറാന്‍ ശേഷിയുള്ള ആദ്യത്തെ സായുധ സ്വയം നിയന്ത്രിത ബോട്ടും എ ഐ അധിഷ്ഠിത സ്വയം നിയന്ത്രിത ആളില്ലാ ബോട്ടായ പരാശർ എന്നിവയൊക്കെ ഇത്തരത്തില്‍ വികസിപ്പിക്കപ്പെട്ടവയാണ്. ഇവയില്‍ പരാശര്‍ ഏത് മേഖലയിലും നിരീക്ഷണത്തിനും പ്രത്യേക റെയ്ഡുകള്‍ക്കും തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കും ഡൈവിങ്ങ് ഓപ്പറേഷനുകള്‍ക്കുമൊക്കെ യോജിച്ചതാണ്.
സമുദ്രാതിര്‍ത്തിയിലെ നാവിക തന്ത്രങ്ങളെപ്പറ്റി ഇന്ത്യന്‍ നാവിക സേന ആദ്യ സമീപന രേഖ പുറത്തിറക്കിയത് 2004 ലാണ്. 2007 ലും 2009ലും 2015 ലുമൊക്കെ ഇത് പുതുക്കി. ഇന്ത്യന്‍ മഹാ സമുദ്രം ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായിരുന്നു 2007ലെ രേഖ ഊന്നല്‍ നല്‍കിയത്. 2009ല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ പൊലീസിങ്ങ് ഡ്യൂട്ടിയെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്. 2015 ലെ രേഖ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ചെറുക്കാനുള്ള ശക്തിമാന്‍ ആകാനുള്ള പദ്ധതികളാണ് വിശദമാക്കുന്നത്. മുമ്പൊക്കെ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലുമായിരുന്നു ഇന്ത്യക്ക് പ്രധാനം. പക്ഷേ 2015 ലെ നയരേഖ തന്ത്ര പ്രധാനമായ കൂടുതല്‍ മേഖലകളെക്കുറിച്ചു കൂടി പറയുന്നു.
ഹോര്‍മുസ് കടലിടുക്ക്, ബാബാ ഏല്‍ മണ്ഡപ് കടലിടുക്ക്, മലാക്കാ കടലിടുക്ക്, ലോംബോക്ക് കടലിടുക്ക, സുണ്ട കടലിടുക്ക്, തെക്കു കിഴക്കന്‍ ഏഷ്യയിലെ ഒമ്പായ് കടലിടുക്ക് എന്നിവ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങളാണ്. ഇവ കഴിഞ്ഞാല്‍ മെഡിറ്ററേനിയന്‍ കടലും അറ്റ്ലാന്‍റിക് സമുദ്രവും പസഫിക്കിന്‍റെ വിദൂര മേഖലകളുമെല്ലാം ഇന്ത്യന്‍ നേവിക്ക് ഏറെ താല്‍പ്പര്യമുള്ള മേഖലകളായി. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സുരക്ഷയൊരുക്കുന്ന സൂപ്പര്‍ശക്തിയാകാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ചൈനയെ വളയാനുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി 2015 ലെ നിലവിലുള്ള രേഖ പരിഷ്കരിക്കണമെന്ന് നാവിക വിദഗ്ധര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അഭൂതപൂര്‍വമായ വെല്ലുവിളികളും ഭീഷണികളും നേരിടാന്‍ മറ്റ് രാജ്യങ്ങളുടെ സഹകരണവും ഇന്ത്യന്‍ നേവിക്ക് ആവശ്യമാണ്. അതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ നാവിക സേന സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ക്ക് മുതിരുന്നത്. നിലവില്‍ ഓസ്ട്രേലിയ, ബംഗ്ളാദേശ്, ചൈന, ഫ്രാന്‍സ്, ഗ്രീസ്, ഇന്തോനേഷ്യ, ഇറാന്‍, കുവൈറ്റ്, കസാഖിസ്ഥാന്‍, മാലിദീവ്സ്, മംഗോളിയ, മ്യാന്‍മാര്‍, ഒമാന്‍, റഷ്യ, സീഷെല്‍സ്, ശ്രീലങ്ക, തായ്‌ലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക, യുഎഇ, വിയറ്റ്നാം എന്നിവയുമായിച്ചേര്‍ന്നും ആസിയാന്‍ രാജ്യങ്ങളുമായി ചേര്‍ന്നും അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയുമായും സമുദ്ര തീരത്ത് സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങളായ ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഒമാന്‍ എന്നിവയുമായും പ്രതിരോധ രംഗത്ത് ഇന്ത്യ നല്ല സഹകരണത്തിലാണ്. സിംഗപ്പൂരിലെ ഷാംഗി വ്യോമ താവളവും ഇന്തോനേഷ്യയിലെ സബാങ്ങ് പോര്‍ട്ടും ഒമാനിലെ ഡുക്കം പോര്‍ട്ടും ഇന്ത്യയെ സംബന്ധിച്ച ചൈനീസ് നീക്കങ്ങള്‍ ചെറുക്കാനുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളാണ്.
ഓസ്ട്രേലിയയിലെ കൊക്കോസ് ഐലന്‍ഡ്, സീഷെല്‍സിലെ അസംപ്ഷന്‍ ഐലന്‍ഡ്, ഇന്ത്യന്‍ സമുദ്രത്തിലെത്തന്നെ റീയണിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ഇന്ത്യന്‍ നേവിക്ക് പ്രവര്‍ത്തന സൗകര്യമുണ്ട്. QUAD ക്വാഡ്, സാഗര്‍ SAGAR തുടങ്ങിയ രാജ്യാന്തര വേദികളിലും ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തിലുമൊക്കെ ഇന്ത്യ സമുദ്രത്തിലെ സഹകരണ സാധ്യതകള്‍ നമ്മള്‍ നിരന്തരം ആരാഞ്ഞു കൊണ്ടിരിക്കുകയാണ്. 2047 ഓടെ സ്വാശ്രയത്വം കൈവരിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നാവിക സേന, സമുദ്രാതിര്‍ത്തിയിലെ ഭീഷണികളും വെല്ലുവിളികളും നേരിടാന്‍ നയതന്ത്ര സായുധ മേഖലകളില്‍ കാര്യമായ മുന്നൊരുക്കങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. എഐ അധിഷ്ഠിത അത്യന്താധുനിക പോര്‍മുനകളും ഒപ്പം ചേരുന്നതോടെ ഇന്ത്യന്‍ നാവിക സേന കരുത്തില്‍ ലോകോത്തരമാകുമെന്നുറപ്പാണ്.
ഡോ. രാവെല്ല ഭാനു കൃഷ്ണ കിരണ്‍ ഈനാടു ദിനപത്രത്തില്‍ എഴുതിയ ലേഖനം