ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആപത്കരവും ഒഴിവാക്കാനാകാത്തതുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിരോധ മാർഗങ്ങൾ ഒഴിവാക്കരുതെന്ന് ഐഎംഎ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. വാക്സിനേഷൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ മൂന്നാം തരംഗത്തിന്‍റെ ആഘാതം കുറക്കാനാകുമെന്ന് ഐഎംഎ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
മൂന്നാം തരംഗത്തെ ലഘൂകരിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട നിർണായക സമയത്ത് രാജ്യത്തിന്‍റെ പല ഭാഗത്തും സർക്കാരും പൊതുജനങ്ങളും അലംഭാവം കാണിക്കുകയാണെന്നും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ കൂട്ടംകൂടുകയാണെന്നും ഐഎംഎ പറഞ്ഞു. വിനോദയാത്ര, തീർഥാടനം, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കായി കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കാമെന്നും കുറിപ്പിൽ പറയുന്നു.