ഡെറാഡൂൺ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്‌ടത്തില്‍ നിന്ന് കാണാതായ ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാര്‍ പൊക്രിയാല്‍(35) എന്നയാളുടെ മൃതദേഹമാണ് രക്ഷപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. രക്ഷപ്രവര്‍ത്തകര്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച് കൊടുത്ത ഫോട്ടോയില്‍ നിന്നും വിജയ് കുമാറിന്‍റെ വലതു കയ്യിലെ ടാറ്റു വഴിയാണ് ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
മലാട്യയിലെ അനട്ടോളിയ പ്രദേശത്തുള്ള മള്‍ട്ടി സ്‌റ്റോറി എന്ന ഹോട്ടലിന്‍റെ തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ച ഏക ഇന്ത്യന്‍ പൗരനാണ് വിജയ് കുമാര്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇയാള്‍.
മൃതദേഹം നാട്ടിലെത്തിക്കാള്ള ശ്രമത്തില്‍ ഇന്ത്യന്‍ എംബസി: ജനുവരി 23 മുതല്‍ മള്‍ട്ടി സ്‌റ്റോറി ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു വിജയ് കുമാര്‍. ബെംഗളൂരു ആസ്ഥാനമായുള്ള പീനിയ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിലെ ഗ്യാസ് പൈപ്പ്ലൈന്‍ എഞ്ചിനിയറായിരുന്നു ഇയാള്‍. 24,000 ജനങ്ങളുടെ ജീവന്‍ കവര്‍ന്ന ഭൂകമ്പത്തില്‍ വിജയ് കുമാറിനെയും കാണാതായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഹോട്ടലിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് ഇയാളുടെ പാസ്‌പോര്‍ട്ടും മറ്റ് സാധനങ്ങളും രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും വിജയ് കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
'ഫെബ്രുവരി ആറിന് നടന്ന ഭുകമ്പത്തില്‍ ഇന്ത്യന്‍ പൗരനായ ശ്രീ വിജയ് കുമാറിന്‍റെ മൃതദേഹം കണ്ടെടുത്ത വിവരം വ്യസന സമേതം ഞങ്ങള്‍ അറിയിച്ചിരുന്നു. ബിസിനസ് ട്രിപ്പിന്‍റെ ഭാഗമായി തുര്‍ക്കിയിലെത്തിയതായിരുന്നു വിജയ് കുമാര്‍. വിജയ് കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയാണ്. എത്രയും വേഗം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുകയാണെന്ന്' എംബസി ട്വീറ്റ് ചെയ്‌തു.