ന്യൂഡല്‍ഹി:ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പ് കുത്തനെ കുറഞ്ഞു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക സ്വരുക്കൂട്ടലാണ് ദേശീയ ഡിസ്പോസിബിൾ വരുമാനത്തിന്‍റെ (ജിഎൻഡിഐ) 7.6 ശതമാനമായി കുറഞ്ഞിരിക്കുന്നത്. കൊവിഡ് മഹാമാരിക്കിടയിലും ഉയര്‍ന്നു നിന്ന സാമ്പത്തിക സേവിങ്‌സുകളിലാണ് നിലവില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കുന്നത്.
എന്താണ് സാമ്പത്തിക നീക്കിയിരിപ്പ്:കൈവശം കറൻസിയായുള്ള തുക, ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുമായുള്ള നിക്ഷേപം, ഓഹരികളിലും പണയത്തിലുമായുള്ള നിക്ഷേപം, ഇൻഷുറൻസ് ഫണ്ടുകൾ, പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപങ്ങൾ, പെൻഷൻ ഫണ്ടുകള്‍, സർക്കാരിലുള്ള ക്ലെയിമുകൾ തുടങ്ങിയവ ഉള്‍പ്പെടുന്നവയാണ് മൊത്തമായുള്ള സാമ്പത്തിക നീക്കിയിരിപ്പില്‍ ഉള്‍പ്പെടുന്നത്. മാത്രമല്ല സര്‍ക്കാര്‍ - സര്‍ക്കാര്‍ ഇതര ധനകാര്യ കോര്‍പറേഷനുകളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഫണ്ടുകള്‍ കൂടിയാണ് ഇന്ത്യൻ കുടുംബങ്ങളുടെ മൊത്ത സാമ്പത്തിക നീക്കിയിരിപ്പ്.
കൊവിഡില്‍ വീണില്ല, പിന്നീട് വീണു:2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കുടുംബങ്ങളുടെ ആകെയുള്ള സാമ്പത്തിക നീക്കിയിരിപ്പായി വിലയിരുത്തപ്പെട്ടിരുന്നത് 22.6 ലക്ഷം കോടി രൂപയാണ്. എന്നാല്‍ തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 23.3 ലക്ഷം കോടി രൂപയായി വർധിച്ചു. മാത്രമല്ല കൊവിഡ് കാലഘട്ടത്തിൽ ആഗോളതലത്തില്‍ അനിശ്ചിതത്വം പ്രകടമായ സമയത്ത്, ജനങ്ങള്‍ തങ്ങളുടെ ചെലവുകൾ വെട്ടിക്കുറച്ചതോടെ സമീപ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടുംബങ്ങളുടെ മൊത്ത സാമ്പത്തിക കരുതല്‍ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഈ സമയത്ത് ഇന്ത്യൻ കുടുംബങ്ങളുടെ നീക്കിയിരിപ്പ് ദേശീയ ഡിസ്പോസിബിൾ വരുമാനത്തിന്‍റെ 11.3 ശതമാനത്തിലെത്തുകയും, തൽഫലമായി 2020-21 സാമ്പത്തിക വർഷത്തിൽ ഈ കരുതല്‍ നീക്കിയിരിപ്പ് തുക 30.6 ലക്ഷം കോടി രൂപയായും ഉയർന്നിരുന്നു. കൊവിഡിന്‍റെ അവശതകള്‍ ഒഴിയുകയും ക്രമേണ പൂര്‍വ സ്ഥിതിലേക്ക് മടങ്ങിവരികയും ചെയ്‌തതോടെ ഇന്ത്യന്‍ കുടുംബങ്ങളുടെ കീശയില്‍ നിന്നുമുള്ള പണമൊഴുക്ക് വര്‍ധിച്ചു. എന്നാല്‍ ഇതോടെ കുടുംബങ്ങളുടെ സമ്പാദ്യ സ്വഭാവത്തില്‍ മാറ്റം വരികയും, മൊത്ത സാമ്പത്തിക സമ്പാദ്യം 3.7 ശതമാനം ഇടിഞ്ഞ് 26 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്‌തു.