2022 Cannes : 2022 കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഒരുപിടി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആര്‍ മാധവന്‍റെ 'റോക്കട്രി- ദ നമ്പി ഇഫക്‌ട്' മുതല്‍ ജയരാജിന്‍റെ മലയാള സിനിമ 'നിറയെ തത്തകള്‍ ഉള്ള മരം' വരെ 75ാമത് കാനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'റോക്കട്രി - ദ നമ്പി എഫക്‌ട്' പലൈസ് കെയില്‍ പ്രീമിയര്‍ ചെയ്യുമ്പോള്‍ മറ്റ് ചിത്രങ്ങള്‍ ഒളിമ്പിയ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
റോക്കട്രി - ദ നമ്പി എഫക്‌ട്: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞാന്‍ നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'റോക്കട്രി- ദ നമ്പി ഇഫക്‌ട്'. മെയ് 19നാണ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ഷോ. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവനാണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നതും. കഥാപാത്രത്തിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്കോവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗോദാവരി: നിഖില്‍ മഹാജന്‍ സംവിധാനം ചെയ്‌ത മറാത്തി ചിത്രം 'ഗോദാവരി' കാന്‍ ചലച്ചിത്ര മേളയില്‍ മാറ്റുരയ്ക്കും. മരണത്തെ നേരിടുന്ന ഒരു കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗോദാവരി നദിയുടെ തീരത്തുള്ള നാസിക്കാണ് ചിത്രപശ്ചാത്തലം. 2021 ലെ വാൻകൂവർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും 'ഗോദാവരി'യുടെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു.
ആൽഫ ബീറ്റ ഗാമ: ശങ്കർ ശ്രീകുമാര്‍ സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രമാണ് 'ആൽഫ ബീറ്റ ഗാമ'. ജയ് എന്ന സംവിധായകന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയ് കാമുകി കൈറയുമായി ഒന്നിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രപശ്ചാത്തലം. അതേസമയം ജയ്‌യുടെ ഭാര്യ മിതാലി, അവനില്‍ നിന്നും വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്നു. എഞ്ചിനീയറായ കാമുകന്‍ രവിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു.