ഒട്ടാവ (കാനഡ) :ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍, കാനഡയോട് കൂടുതല്‍ തെളിവുകള്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ്‌കുമാര്‍ വര്‍മ്മ (Sanjay Kumar Verma ). ഇത് അന്വേഷണം അവസാനിപ്പിക്കാന്‍ കാനഡയെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാഗ് ടിവിയുടെ കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താഹിര്‍ ഗൊരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ്‌കുമാര്‍ വര്‍മ്മയുടെ പരാമര്‍ശം.
അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും കാനഡയുമായി തങ്ങള്‍ എല്ലാതരത്തിലും സഹകരിക്കാന്‍ തയാറാണ്. കാനഡ ഇന്ത്യയിലേക്ക് കൂടുതല്‍ വ്യവസായികളെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനഡ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയാറാണ്. ഇരുരാജ്യങ്ങളിലും തീവ്രവാദത്തെ നിയമപരമായി പ്രതിരോധിക്കാന്‍ സാധ്യമാകുന്നതാണ് അതെങ്കില്‍ അതിന്‍മേല്‍ നടപടികളുമായി മുന്നോട്ട് പോകും. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയ ആരോപണങ്ങളോടും ആശങ്കകളോടുമുള്ള ഇന്ത്യയുടെ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സഞ്ജയ് കുമാറിന്‍റെ മറുപടി.
കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ഇന്ത്യയ്ക്ക് കാനഡയെ സഹായിക്കാനാകും. ഇന്ത്യയുടെ ആശങ്കകള്‍ കാനഡ പരിഗണിക്കുന്നുണ്ടെന്ന് മനസിലാകുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ സ്ഥാനപതി പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. നേരത്തെയും തങ്ങളുടെ ആശങ്കകള്‍ കാനഡയെ അറിയിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ മാത്രമേ കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലെന്നും വര്‍മ്മ പറഞ്ഞു.