കീവ്:യുക്രൈനിലെ റഷ്യൻ സൈനിക നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരരെ റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയതായി കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. യാത്ര ചെയ്യുമ്പോൾ കൈയില്‍ കരുതേണ്ടവയെക്കുറിച്ചും എംബസി നിർദേശിച്ചു. ഒഴിപ്പിക്കലിന്‍റെ ഭാഗമായി ജനങ്ങളുടെ യാത്ര ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഉസ്ഹോറോഡിന് സമീപം ഹംഗേറിയൻ ബോർഡറായ ചോപ്-സഹോണി, ചെർനിവറ്റ്സിക്ക് സമീപം റൊമാനിയൻ ബോർഡറായ പോരുബ്നെ-സിററ്റ് എന്നീ ചെക്ക്‌പോസ്റ്റുകൾ വഴിയാണ് ഒഴിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഏറ്റവും അടുത്ത ചെക്ക്‌പോസ്റ്റ് വഴി പുറപ്പെടാൻ വിദ്യാർഥികളുൾപ്പെട്ട ഇന്ത്യൻ പൗരരോട് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
രണ്ട് ബോർഡറുകളും പ്രവർത്തനക്ഷമമായാൽ, ഉടൻതന്നെ ജനങ്ങൾ പുറപ്പെട്ട് തുടങ്ങണം. സഹായത്തിനായി ഒഴിപ്പിക്കൽ റൂട്ടുകളിൽ സജ്ജമാക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂമുകൾ സ്ഥാപിച്ചുകഴിഞ്ഞാലുടൻ നമ്പറുകൾ പങ്കിടുമെന്നും എംബസി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
READ MORE:ഇന്ത്യയുടെ പിന്തുണ തേടി റഷ്യ; യുഎൻ സുരക്ഷ സമിതിയിൽ ഒപ്പം നില്‍ക്കണമെന്ന്
വിദ്യാർഥി കോൺട്രാക്ടർമാരുമായി നിരന്തരം സമ്പർക്കം പുലർത്താൻ എംബസി ആവശ്യപ്പെട്ടു. കൂടാതെ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ഇന്ത്യൻ ദേശീയ പതാക പ്രിന്‍റ്ഔട്ട് ചെയ്‌ത് പ്രദർശിപ്പിക്കണമെന്നും പാസ്‌പോർട്ട്, അടിയന്തര ചെലവുകൾക്കായി യുഎസ് ഡോളറിൽ പണം എന്നിവ കരുതാനും നിർദേശിച്ചിട്ടുണ്ട്. ലഭ്യമെങ്കിൽ കൊവിഡ് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സൂക്ഷിക്കണം. ഇന്ത്യൻ പൗരരെയും വിദ്യാർഥികളെയും സുരക്ഷിതമായ സ്ഥലങ്ങളിൽ തന്നെ തുടരാൻ അഭ്യർഥിച്ച എംബസി, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി എത്തിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ആവർത്തിച്ചു.