ന്യൂഡൽഹി: രാജ്യത്തെ സാങ്കേതിക വിദ്യയിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരുന്നതിൽ ഇന്ത്യൻ പ്രവാസി യുവജനങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. യുവാക്കളിലുള്ള കണ്ടുപിടിത്തത്തിനായുള്ള ത്വരയും രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും വികസനത്തിനായി സംഭാവന ചെയ്യാനുള്ള അഭിനിവേശവും ഇന്ത്യയുടെ സാങ്കേതിക വിദ്യ നവീകരിക്കുന്നതിൽ വളരെ ഉപകാരപ്രദമാണ്.
പ്രവാസി യുവാക്കൾ അവർ താമസിക്കുന്ന രാജ്യത്തെ കമ്പനികൾ, ഉൽപ്പന്നങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയും ഇന്ത്യയുമായുള്ള പാലമായി വർത്തിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച ആശയങ്ങളും ഉൽപ്പന്നങ്ങളും അവർക്ക് പരിചിതമാണെന്നും അമിതാഭ് കാന്ത് പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളാണ് ഇന്ത്യയുടെയും ലോകത്തിന്‍റെയും ഭാവി. ഭാവിയിലേക്കുള്ള മികച്ച ആശയങ്ങൾ നൽകാൻ യുവജനങ്ങൾക്ക് കഴിയും. നിലവിലുള്ള സാങ്കേതിക വിദ്യയും യുവാക്കളുടെ നൂതന ആശയങ്ങളും ഉപയോഗപ്പെടുത്തി ഇന്ത്യയേയും ലോകത്തെയും വികസനത്തിലേക്കെത്തിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ സൃഷ്‌ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.