ചെന്നൈ (തമിഴ്‌നാട്): 10-ാമത് നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ എക്‌സര്‍സൈസ് സംഘടിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി). സാറെക്‌സ്-22 (SAREX-22)എന്ന പേരില്‍ ഞായറാഴ്‌ച (ഓഗസ്റ്റ് 28) ചെന്നൈയിലാണ് അഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മേധാവി വി എസ് പതാനിയ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അഭ്യാസ പ്രകടനം അവലോകനം ചെയ്യാന്‍ എത്തിയിരുന്നു.
സമുദ്ര സുരക്ഷ പ്രധാനം, അഭ്യാസ പ്രകടനങ്ങളുടെ പത്താം പതിപ്പ് സംഘടിപ്പിച്ച് കോസ്റ്റ് ഗാര്‍ഡ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) സംഘടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യൻ കോസ്റ്റ് ഗാർഡ് മേധാവി വി എസ് പതാനിയ അവലോകനം ചെയ്‌തു. ഓഗസ്റ്റ് 28ന് ആരംഭിച്ച പരിപാടി രണ്ട് ദിവസങ്ങളിലായാണ് നടക്കുക. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ പങ്കെടുത്തു
കോസ്റ്റ് ഗാര്‍ഡിന്‍റെ ഡോർണിയർ വിമാനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ, കപ്പലുകളിൽ നിന്നും വിമാനങ്ങളിൽ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിന്‍റെ മാതൃക പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. വിദേശ നിരീക്ഷകരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും, ഷിപ്പിങ്, ഫിഷറീസ്, എയര്‍പോര്‍ട്ട് അതോറിറ്റി, വ്യോമസേന തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സാറെക്‌സ് 22 കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ബോർഡിന്‍റെ കീഴിലാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 51 പേര്‍ക്ക് പുറമെ 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 24 പേരും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഇത്തരത്തിലുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സമുദ്ര യാത്രക്കാരുടെ സുരക്ഷക്കുള്ള ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പതിപ്പിന്‍റെ പ്രമേയം.