ശ്രീനഗർ (ജമ്മു കശ്‌മീർ): അതിര്‍ത്തിയിലെ ഭീഷണി നേരിടാന്‍ പരിഷ്‌കരിച്ച മിഗ്-29 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ഭീഷണി നേരിടുന്നതിനായാണ് മിഗ്-29 വിമാനങ്ങളുടെ രണ്ടിലധികം യൂണിറ്റുകളെ (സ്‌ക്വാഡ്രണ്‍) രാജ്യം വിന്യസിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ നിലവിലുണ്ടായിരുന്ന ശ്രീനഗര്‍ വ്യോമതാവളത്തിലെ മിഗ്-21 വിമാനങ്ങള്‍ക്ക് പകരമായാണ് 'വടക്കിന്‍റെ പ്രതിരോധം' എന്നറിയപ്പെടുന്ന മിഗ്-29 യുദ്ധവിമാനങ്ങളെത്തുന്നത്.
എന്തുകൊണ്ട് മിഗ്-29:കശ്‌മീര്‍ താഴ്‌വരയുടെ മധ്യഭാഗത്തായാണ് ശ്രീനഗര്‍ സ്ഥിതി ചെയ്യുന്നത്. അവിടത്തെ ഉയരം സമതലങ്ങളേക്കാൾ ഉയർന്നതുമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ഭാരവും ത്രസ്‌റ്റ് അനുപാതവുമുള്ള ഒരു വിമാനം സ്ഥാപിക്കുന്നതാണ് തന്ത്രപരമായി നല്ലത്. അതിര്‍ത്തിയുമായി അടുത്തുകിടക്കുന്നത് കൊണ്ടുതന്നെ ഇവയ്‌ക്ക് കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീർഘദൂര മിസൈലുകളും സജ്ജമാണെന്നും ഇന്ത്യന്‍ വ്യോമസേന പൈലറ്റും സ്ക്വാഡ്രൺ ലീഡറുമായ വിപുൽ ശർമ പറഞ്ഞു. മിഗ്-29 ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്നും അതിനാൽ ഇരു മുന്നണികളിലെയും ശത്രുക്കളെ നേരിടാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എത്തുന്നത് കരുത്ത് വര്‍ധിപ്പിച്ച്: കാലങ്ങളായി കശ്മീർ താഴ്‌വരയിലെ തങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള മേഖലയെ വിജയകരമായി പ്രതിരോധിക്കുകയും, 2019 ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍റെ പ്രധാന ഭൂപ്രദേശത്തെ ഭീകര ക്യാമ്പുകളിലെത്തി എഫ് -16 അടിച്ചിടുകയും ചെയ്‌തിരുന്നു. പരിഷ്‌കരിച്ചതിന് ശേഷം മിഗ്-29 വളരെ ദീർഘദൂര എയർ-ടു-എയർ മിസൈലുകളും എയർ-ടു-ഗ്രൗണ്ട് ആയുധങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുകയും ചെയ്‌തു.