ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ് തടാകത്തിൽ ലാൻഡിംഗ് ക്രാഫ്റ്റ് പട്രോള്‍ ബോട്ട് വിന്യസിച്ച് ഇന്ത്യൻ സൈന്യം. ചൈനീസ് അതിര്‍ത്തിയില്‍ കരമാര്‍ഗവും ജലമാര്‍ഗവും നടക്കുന്ന സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനാണിത്. ഒരേസമയം 35 സൈനികരെ വഹിക്കുവാനും വളരെ ചുരുങ്ങിയ സമയത്തിൽ തടാകത്തിലെ ഏതു കോണിലും എത്തിചേരുവാനും സാധിക്കുമെന്നതാണ് പട്രോൾ ബോട്ടിന്‍റെ പ്രധാന സവിശേഷത.
ലഡാക്കില്‍ പട്രോള്‍ ബോട്ടുകള്‍ വിന്യസിച്ച് ഇന്ത്യന്‍ സൈന്യം; ലക്ഷ്യം ചൈനീസ് നീക്കം നിരീക്ഷിക്കാന്‍ തന്ത്രപ്രധാനമായ പാംഗോങ് തടാകം: കിഴക്കൻ ലഡാക്കിലാണ് പാംഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. പാംഗോങ് തടാകത്തിന് കുറുകെയാണ് ചൈന അനധികൃതമായി രണ്ട് പാലങ്ങള്‍ നിര്‍മ്മിച്ചത്. ചൈനീസ് നടപടിക്ക് നേരെ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
തടാകത്തിന്‍റെ മൂന്നിലൊരു ഭാഗം ഇന്ത്യയിലും മൂന്നില്‍ രണ്ട് ഭാഗം ചൈനയിലുമാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന് മുകളിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിർമാണം നടക്കുന്ന പാലത്തിന്റെ ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളുടെ വിശകലനം അനുസരിച്ച് രണ്ടാമത്തെ പാലം ആദ്യത്തേതിന് സമാന്തരമായി നിർമ്മിക്കുന്നതായി കണ്ടെത്തിയിരുന്നു.
തടാകത്തിൽ ഈ വർഷം ആദ്യം നിർമിച്ച പാലത്തിന് അടുത്ത് തന്നെയാണ് ചൈന രണ്ടാമത്തെ പാലവും നിർമിച്ചിരിക്കുന്നത്. അനധികൃതമായി ചൈന കൈവശം വച്ചിരിക്കുന്ന പ്രദേശത്താണ് പാലം നിർമിച്ചിരിക്കുന്നതെന്നും ഇത്തരം അധിനിവേശം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി വ്യക്തമാക്കിയിരുന്നു.
ലാൻഡിംഗ് ക്രാഫ്റ്റ് പട്രോള്‍ ബോട്ട്: കരയിലും വെള്ളത്തിലും ഒരേപോലെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ലഡാക്കില്‍ വിന്യസിച്ച ഇന്ത്യൻ നിർമിത ലാൻഡിംഗ് ക്രാഫ്റ്റ് ബോട്ടുകള്‍.