തവാങ് (അരുണാചല്‍ പ്രദേശ്): അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തവാങ്ങിന് സമീപം മാണ്ടല ഹില്‍സ് മേഖലയിലാണ് സംഭവം. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്ടറാണ് തകര്‍ന്നത്.
പതിവ് പറക്കലിനിടെ ആണ് അപകടം. ഇന്ന് രാവിലെ 9.15 ഓടെയാണ് റഡാറില്‍ നിന്ന് ചീറ്റ ഹെലികോപ്ടര്‍ പുറത്തു പോയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെലികോപ്ടറില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ക്രൂ അംഗവും പൈലറ്റും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇന്ത്യൻ ആർമി ഗ്രൗണ്ട് ഫോഴ്‌സ് അടങ്ങുന്ന തെരച്ചിൽ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടായിരുന്നു. മാണ്ടല ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ട പ്രാദേശിക വൃത്തങ്ങളാണ് ഹെലികോപ്‌റ്റര്‍ അപകടത്തില്‍ പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. അരുണാചല്‍ പ്രദേശ് പൊലീസും സംഭവസ്ഥത്ത് എത്തിയിരുന്നു.
Also Read: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു
ആറുമാസത്തിനിടെ മൂന്നാമത്തെ അപകടം: കഴിഞ്ഞ ആറ് മാസത്തിനിടെ അരുണാചല്‍ പ്രദേശില്‍ സമാനമായ മൂന്ന് ഹെലികോപ്ടര്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അപ്പർ സിയാങ് ജില്ലയിലെ ഒരു ഗ്രാമത്തിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണിരുന്നു. സംഭവത്തെത്തുടർന്ന് രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് അയച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു. നാല് പേരാണ് അന്ന് അപകടത്തിൽ മരിച്ചത്.
മരിച്ചവരില്‍ കാസര്‍കോട് സ്വദേശിയായ സൈനികനും ഉള്‍പ്പെട്ടിരുന്നു. ചെറുവത്തൂര്‍ കിഴക്കേമുറിയില്‍ കാട്ടുവളപ്പില്‍ കെ വി അശ്വിനാണ് മരിച്ചത്. കരസേന ഉദ്യോഗസ്ഥരെ വഹിച്ചു കൊണ്ടുള്ള അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്.
ഒക്‌ടോബറില്‍ തന്നെ അരുണാചൽ പ്രദേശിലെ തവാങിന് സമീപം ഇന്ത്യൻ കരസേനയുടെ മറ്റൊരു ചീറ്റ ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അന്നത്തെ അപകത്തില്‍ രണ്ട് പൈലറ്റുമാർക്കാണ് ജീവന്‍ നഷ്‌ടമായത്. ചൈന അതിർത്തിയോട് ചേർന്നുള്ള ജില്ലയുടെ ഒരു ഫോർവേഡ് ഏരിയയിൽ പതിവ് നിരീക്ഷണ പറക്കലിന് ഇടെയായിരുന്നു അപകടം. ട്യൂട്ടിങ് ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള മിഗ്ഗിങ്ങില്‍ വച്ചായിരുന്നു ഹെലികോപ്‌റ്റര്‍ അപകടത്തില്‍ പെട്ടത്.
രാജ്യം നടുങ്ങിയ കൂനൂര്‍ ഹെലികോപ്ടറ്റര്‍ അപകടം:രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍ അപകടമായിരുന്നു തമിഴ്‌നാട് കൂനൂരില്‍ ഉണ്ടായ അപകടം. 2021 ഡിസംബറിലാണ് ഈ അപകടം നടന്നത്. സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവന്‍ അന്ന് നഷ്‌ടമായി. ബിപിന്‍ റാവത്തിന്‍റെ ഭാര്യയും അപകടത്തില്‍ മരിച്ചിരുന്നു. കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് തകര്‍ന്ന് വീണായിരുന്നു അപകടം.
അന്നത്തെ അപകടത്തില്‍ ഒരു മലയാളി സൈനികനും മരിച്ചിരുന്നു. ഹെലികോപ്ടറിന്‍റെ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്ന തൃശൂര്‍ സ്വദേശി വാറന്‍റ് ഓഫിസര്‍ പ്രദീപ് ആണ് മരിച്ചത്. അവധിക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിച്ച് നാലാമത്തെ ദിവസമായിരുന്നു അപകടത്തില്‍ പ്രദീപിന് ജീവന്‍ നഷ്‌ടമായത്.