ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയില്‍ ഉടൻ റിക്രൂട്ട്മെന്‍റ് നടപടികള്‍ ആരംഭിക്കാനൊരുങ്ങി കര നാവിക വ്യോമ സേനകൾ. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കളോട് റിക്രൂട്ട്മെന്‍റിന് വേണ്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രതരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങും അഭ്യര്‍ഥിച്ചിട്ടുണ്ട്. ജൂണ്‍ 24 മുതലായിരിക്കും വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് നടപടികള്‍ ആരംഭിക്കുന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി കൂട്ടിച്ചേര്‍ത്തു.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് റിക്രൂട്ട്‌മെന്‍റ് തീയതി വ്യോമസേന പ്രഖ്യാപിച്ചത്. പുതിയ സ്‌കീമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ബാച്ചുകളെ അടുത്ത വര്‍ഷം ജൂണോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കാനാണ് കര, നാവിക, വ്യോമ സേനകള്‍ പദ്ധതിയിടുന്നത്. അഗ്നിപഥിനെ കുറിച്ച് പൂര്‍ണമായി അറിവില്ലാത്തവരാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രായപരിധി 23 ആയി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. രണ്ട് ദിവസത്തെ ജമ്മു-കശ്‌മീര്‍ സന്ദര്‍ശനവേളയിലായിരുന്നു പ്രായപരിധി ഉയര്‍ത്തുന്ന കാര്യം രാജ് നാഥ് സിങ് അറിയിച്ചത്. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഇത് ഒരു സുവര്‍ണാവസരം ആയിരിക്കുമെന്നായിരുന്നു നടപടിക്ക് ശേഷം അദ്ദേഹത്തിന്‍റെ പ്രതികരണം.