ന്യൂഡൽഹി:ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരർക്ക് പത്ത് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കി കേന്ദ്രം. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്ത ഇന്ത്യക്കാരും ബ്രിട്ടനിലേക്ക് പ്രവേശിക്കണമെങ്കിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന ബ്രിട്ടീഷ് നടപടിക്ക് ബദലായാണ് ഇന്ത്യയുടെ പുതിയ ചട്ടം. ഒക്‌ടോബർ നാല് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
യുകെയിൽ നിന്നെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരർക്കും പുതിയ നടപടി ബാധകമാണെന്ന് ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തേ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ പോലും ഇന്ത്യയിലേക്കെത്തുന്നതിന് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ പരിശോധന നടത്തണം. കൂടാതെ ഇന്ത്യയിലെത്തിയ ശേഷവും പരിശോധന നടത്തണം. യുകെയിലേതുപോലെ തന്നെ ഇന്ത്യയിലെത്തി എട്ട് ദിവസങ്ങൾക്ക് ശേഷവും വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം.