അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ 2–ാം ഏകദിനത്തിൽ വിൻഡീസിന് 238 റൺസ് വിജയലക്ഷ്യം. മുൻനിര തകർച്ച നേരിട്ട മത്സരത്തില്‍ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 237 റൺസ് നേടിയത്.
ടോസ് നഷ്‌ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 43 റൺസ് ചേർക്കുന്നതിനിടെത്തന്നെ മൂന്ന് വിക്കറ്റ് നഷ്‌ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (8 പന്തിൽ 5), ഇഷൻ കിഷനു പകരം ഓപ്പണറുടെ റോളിൽ ഇറങ്ങിയ ഋഷഭ് പന്ത് (34 പന്തിൽ 3 ഫോർ അടക്കം 18), വിരാട് കോലി (18) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽത്തന്നെ നഷ്ടമായത്.
4–ാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ. രാഹുൽ (48 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 49), സൂര്യകുമാർ യാദവ് (83 പന്തിൽ 5 ഫോർ അടക്കം 64) എന്നിവർ മാത്രമാണു ചെറുത്തുനിന്നത്.