അഹമ്മദാബാദ് : രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിൽ എല്ലാവരും പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).
ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്‌ണയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 64 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
238 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിന്‍ഡീസിന് എട്ടാം ഓവറിലാണ് ആദ്യ പ്രഹരമേൽക്കുന്നത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ്, ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു.പിന്നാലെ ഡാരന്‍ ബ്രാവോയേയും (1) മടക്കി.മികച്ച തുടക്കം ലഭിച്ച ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ വിന്‍ഡീസ് പൂർണമായും പ്രതിരോധത്തിലായി.
തുടര്‍ന്ന് ക്യാപ്റ്റന്‍ നിക്കോളാസ് പുരാനെ (9) പ്രസിദ്ധ് മടക്കിയപ്പോള്‍ ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. എന്നാല്‍ ബ്രൂക്ക്‌സും അകീല്‍ ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. സ്കോർ 117-ൽ ദീപക് ഹൂഡ ബ്രൂക്ക്‌സിനെ മടക്കിയതോടെ കളി പൂർണമായും ഇന്ത്യയുടെ വരുതിയിലായി.