ഡബ്ലിൻ: വെള്ളിയാഴ്‌ച അതായയത് ഓഗസ്റ്റ് 18ന് ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ നായകൻ ജസ്‌പ്രീത് ബുംറ ടോസ് ഇടുമ്പോൾ ടീമില്‍ ആരൊക്കെയുണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. കാരണം ഒരു പിടി യുവതാരങ്ങളുമായാണ് ഇന്ത്യ അയർലണ്ടിലേക്ക് വണ്ടി കയറിയിട്ടുള്ളത്. രോഹിത്, കോലി, ഹാർദിക്, സൂര്യകുമാർ, കുല്‍ദീപ്, ചാഹല്‍ അടക്കം പ്രമുഖർ ആരും തന്നെ ഈ പര്യടനത്തിനില്ല.
ജസ്‌പ്രീത് ബുംറയൊഴികെ മറ്റാർക്കും ടി20 വിദേശ പര്യടനങ്ങളില്‍ അധികം കളിച്ച് പരിചയവുമില്ല. ബുംറ കഴിഞ്ഞാല്‍ ടീമിലെ സീനിയർ താരം മലയാളി താരം സഞ്ജു സാംസണാണ്.
സഞ്ജു കീപ്പറാകില്ല: അയർലണ്ട് പര്യടനത്തിലെ സീനിയർ താരമാണെന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സഞ്ജുവിന്‍റെ കാര്യത്തില്‍ ഇത്തവണയും വലിയ ഉറപ്പില്ലാത്ത അവസ്ഥയാണ്. കാരണം തൊട്ടു മുൻപ് കഴിഞ്ഞ വിൻഡീസ് പര്യടനത്തിലെ മോശം പ്രകടനം തന്നെ. അത് മാത്രവുമല്ല, വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ജിതേഷ് ശർമയേയും ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നുള്ള 29കാരനായ ജിതേഷിന് ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ടീമില്‍ ഇടം പിടിച്ചിട്ടുള്ളതിനാല്‍ ജിതേഷിന് വിക്കറ്റ് കീപ്പർ എന്ന നിലയില്‍ അയർലണ്ട് പര്യടനത്തില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര മത്സര പരിചയം ലഭിക്കുന്നതിനായി ജിതേഷിനെ പരിഗണിച്ചാല്‍ പിന്നെ സഞ്ജുവിന് ബാറ്റർ എന്ന നിലയില്‍ മാത്രമാകും ടീമില്‍ അവസരമുണ്ടാകുക.
ബാറ്റിങ്ങിന് വേറെ ആളുണ്ട്:ഏഷ്യൻ ഗെയിംസ് ടീം നായകൻ റിതുരാജ് ഗെയ്‌ക്‌വാദ്, വെടിക്കെട്ട് വീരൻ റിങ്കു സിങ് എന്നിവർക്ക് ടീമില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന്‍റെ കാര്യം പരുങ്ങലിലാകും. ഓപ്പണർമാരായി യശസ്വി ജയ്‌വാളും റിതുരാജും എത്തിയാല്‍ മൂന്നാമതായി സഞ്ജു സാംസണ് അവസരം ലഭിക്കേണ്ടതാണ്. കാരണം മൂന്നാം നമ്പറില്‍ ഇറങ്ങുന്ന വിരാട് കോലി, സൂര്യകുമാർ എന്നിവർ ഇത്തവണ ടീമിലില്ല. ഐപിഎല്ലില്‍ സഞ്ജു മൂന്നാം നമ്പറിലാണ് കളിക്കുന്നതും. പക്ഷേ ഏകദിന ടീമില്‍ അടക്കം ഫിനിഷറായി ടീം ഇന്ത്യ കണക്കാക്കുന്ന സഞ്ജുവിനെ ഇനി വീണ്ടും മൂന്നാം നമ്പറില്‍ ഇറക്കി പരീക്ഷണം നടത്തുമോ എന്ന് കണ്ടറിയണം.
അങ്ങനെയെങ്കില്‍ ഐപിഎല്‍ ഫൈനലില്‍ അടക്കം മൂന്നാം നമ്പറില്‍ ഇറങ്ങിയ ശിവം ദുബെ, വിൻഡീസ് പര്യടനത്തില്‍ മികച്ച ഫോമില്‍ കളിച്ച തിലക് വർമ എന്നിവരില്‍ ഒരാൾ മൂന്നാം നമ്പറില്‍ ഇറങ്ങും. പിന്നീട് വരേണ്ടത് സഞ്ജു സാംസണോ റിങ്കു സിങോ എന്നതില്‍ ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് ആശയക്കുഴപ്പത്തിലാണ്. അതിന് ശേഷമുള്ള ബാറ്റിങ് ലൈനപ്പില്‍ ജിതേഷ് ശർമ, ഷഹബാദ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ എന്നിവരില്‍ ആരൊക്കെയുണ്ടാകും എന്ന് ടോസിടുമ്പോൾ മാത്രമാകും അറിയാൻ കഴിയുക.
ബൗളിങ് ലൈനപ്പില്‍ നായകൻ ബുംറ, ഓൾറൗണ്ടർമാരായി വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, രവി ബിഷ്‌ണോയി, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുകേഷ് കുമാർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരുമാണെങ്കില്‍ വാഷിങ്ടൺ സുന്ദറും ബിഷ്‌ണോയിയും ബുംറയും പ്രസിദ്ധ് കൃഷ്‌ണയും മുകേഷ് കുമാറും ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്ന് കരുതാം.
ഓഗസ്റ്റ് 18, 20, 23 തീയതികളിലായി മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ അയർലണ്ടില്‍ കളിക്കുന്നത്. വിൻഡീസിനോട് ടി20 പരമ്പരയില്‍ കീഴടങ്ങിയ ഇന്ത്യയെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടമാണ്.