ന്യൂഡൽഹി:ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ജോലി പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും മടങ്ങിവരവ് സുഗമമാക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രമുഖ പ്രാദേശിക സംഘടനയായ ഗൾഫ് കോപ്പറേഷൻ കൗൺസിലുമായി (ജിസിസി) ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. അതേ സമയം, ഇന്ത്യയിൽ നിന്ന് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് തുടരുമെന്ന് ജയ്ശങ്കർ ഗൾഫ് രാജ്യങ്ങൾക്ക് ഉറപ്പ് നൽകി. കൊവിഡ് വ്യാപനഘട്ടത്തിൽ ഇന്ത്യൻ പ്രവാസികളെ സംരക്ഷിച്ചതിനും ജിസിസി രാജ്യങ്ങളോട് ജയ്ശങ്കർ നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികളുടെ മടങ്ങിവരവ് സുഗമമാക്കണമെന്ന് ഇന്ത്യ - ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയത്. ഇവരിൽ തൊഴിലിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ മടക്കികൊണ്ടുവരുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് വിദേശകാര്യ മന്ത്രി ഗൾഫ് രാഷ്ട്രങ്ങളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടത്.
അറബ് രാജ്യങ്ങളിലേക്ക് മടങ്ങിവരാൻ ഇന്ത്യയിലെ തൊഴിലാളികൾ ആഗ്രഹിക്കുന്നുവെന്നും ഇതിനായി രാജ്യങ്ങൾ തമ്മിൽ സുസ്ഥിരമായ യാത്രാ ക്രമീകരണങ്ങൾ നടപ്പാക്കണമെന്നും വിദേശകാര്യ മന്ത്രി നിർദേശിച്ചു. കൊവിഡിനെ തുടർന്ന് ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനൊപ്പം യുഎഇ വിദേശകാര്യ മന്ത്രി അൻവർ ബിൻ മുഹമ്മദ്, കുവൈത്ത്, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റും യോഗത്തിൽ പങ്കെടുത്തു.