ന്യൂഡല്‍ഹി:റഷ്യയില്‍ നിന്നുള്ള സ്‌പുട്‌നിക് വി വാക്‌സിന്‍റെ ആദ്യ ബാച്ച് ഇന്ന് മുതല്‍ ഇന്ത്യയില്‍ എത്തി തുടങ്ങും. ജൂണ്‍ മാസത്തോടെ അഞ്ച് മില്യണ്‍ ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് ആദ്യം 150,000 മുതല്‍ 200,000 ഡോസ് വാക്‌സിനും മെയ് അവസാനത്തോടെ മൂന്ന് മില്യണ്‍ ഡോസും എത്തുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ ഗമലെയ നാഷണല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിടെര്‍മിയോളജി ആന്‍റ് മൈക്രോബയോളജിയാണ് സ്‌പുട്‌നിക് വി വികസിപ്പിക്കുന്നത്. ഇന്ത്യയില്‍ കൊവിഷീല്‍ഡിനും കൊവാക്‌സിനും ശേഷം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്‌പുട്‌നിക് വി.
ഇന്ത്യയില്‍ സ്‌പുട്‌നിക് വാക്‌സിന്‍റെ ആദ്യ ബാച്ച് ഇന്നെത്തും
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്‌പുട്‌നിക് വി. ജൂണ്‍ മാസത്തോടെ അഞ്ച് മില്യണ്‍ ഡോസ് വാക്‌സിന്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ.
18 വയസിന് മുകളിലുള്ളവരില്‍ രണ്ട് ഡോസുകളായാണ് സ്‌പുട്‌നിക് വി കുത്തിവെപ്പെടുക്കുന്നത്. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടത്. കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്‌തി സ്‌പുട്‌നിക് വി വാക്‌സിനുണ്ടെന്നാണ് മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റിലയുടെ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഇത് ഇന്ത്യയില്‍ എത്രത്തോളം ഫലപ്രദമാണെന്ന് മനസിലാക്കേണ്ടതുണ്ട്. സ്‌പുനിക് വാക്‌സിന്‍ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തെ ത്വരിതപ്പെടുത്തുമെന്നും ഡല്‍ഹി ഏയിംസ് അസോസിയേറ്റ് പ്രൊഫ. ഹര്‍ഷല്‍ ആര്‍ പറഞ്ഞു.