ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ബാലിസ്റ്റിക് മിസൈല്‍ അഗ്നി പ്രൈമിന്‍റെ പരീക്ഷണം വിജയകരമായി നടത്തി. ഒഡിഷ തീരത്ത് തിങ്കളാഴ്ച രാവിലെ 10.55 ഓടെയാണ് അഗ്നി പരമ്പരയിലെ പുതിയ മിസൈലിന്‍റെ പരീക്ഷണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മിസൈലാണ് പരീക്ഷിച്ചത്.
ടെക്‌സ്റ്റ് ബുക്ക് വിക്ഷേപണം
ആണവ ശേഷിയുള്ള മിസൈൽ പൂർണമായും സംയോജിത വസ്‌തുക്കളാല്‍ നിർമ്മിച്ചതാണ്. ടെക്‌സ്റ്റ് ബുക്ക് വിക്ഷേപണമായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also read: 2020ൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈലുകൾ
ദൗത്യം വിജയം
അഗ്നി മിസൈലുകളുടെ വികസിത വകഭേദമാണ് അഗ്നി പ്രൈം മിസൈല്‍. 1000 മുതൽ 2000 കിലോമീറ്റർ വരെ ദൂരപരിധി ശേഷിയുള്ള അഗ്നി പ്രൈം കാനിസ്റ്ററൈസ്‌ഡ് മിസൈലാണ്.
ടെലിമെട്രി, റഡാർ സ്റ്റേഷനുകളില്‍ നിന്ന് മിസൈലിനെ നിരീക്ഷിച്ചിരുന്നുവെന്നും ദൗത്യത്തിന്‍റെ എല്ലാ ലക്ഷ്യങ്ങളും മിസൈല്‍ പാലിച്ചുവെന്നും ഡിആര്‍ഡിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂലൈ 25 ന് മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറിൽ (എംബിആർഎൽ) നിന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 122 എംഎം കാലിബെയുടെ പതിപ്പുകൾ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു.
ഒഡിഷ തീരത്ത് ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആർ) നിന്നായിരുന്നു പരീക്ഷണം. ജൂലൈ 24, 25 തിയ്യതികളില്‍ തദ്ദേശീയമായി വികസിപ്പിച്ച പിനക റോക്കറ്റിന്‍റെ വിപുലീകൃത ശ്രേണിയും ഡിആർഡിഒ പരീക്ഷിച്ചിരുന്നു.