ന്യൂഡല്‍ഹി: ഇസ്രയേലിന് ഒപ്പമെന്ന് ആവർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചെമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്. എല്ലാത്തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഫോൺ സംഭാഷണത്തില്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് നെതന്യാഹു വിശദീകരിച്ചതായും മോദി ട്വിറ്ററില്‍ പറഞ്ഞു.
അതേസമയം, ഗാസയില്‍ ഹമാസിന് എതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണം തുടങ്ങിയതേയുള്ളൂവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്. 'വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹമാസിന് എതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ തലമുറകളോളം നിലനില്‍ക്കും. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചതല്ല, തുടങ്ങിവെച്ചതും തങ്ങളല്ല, ക്രൂരമായ രീതിയില്‍ യുദ്ധം തങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആകുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്'.