നാഗപട്ടണം (തമിഴ്‌നാട്): ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കുറഞ്ഞ ചിലവില്‍ ഒരു കപ്പല്‍ യാത്രയായാലോ? അതും കൊച്ചിയില്‍ നിർമിച്ച കപ്പലിൽ? തമാശയല്ല, സംഗതി ഉള്ളതാണ്. നാല് പതിറ്റാണ്ട് നീണ്ട ഇടവേളക്കുശേഷം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള കപ്പൽ സര്‍വീസിന് വീണ്ടും തുടക്കമായിരിക്കുന്നു (India-Srilanka Ferry Resumed After 4 Decades). തമിഴ്‌നാട്ടിലെ നാഗപട്ടണം തുറമുഖത്തിനും (Nagapattinam Port) ശ്രീലങ്കയിലെ കന്‍കേശന്‍തുറയ്ക്കും (Kankesanthurai) ഇടയിലുള്ള ഫെറി സർവീസ് ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) പുനരാരംഭിച്ചത്.
'ചെറിയപാനി' (Cheriyapani) എന്ന പേരിലുള്ള സര്‍വീസ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ (Sarbananda Sonowal) ഫ്ലാഗ് ഓഫ് ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ (Ranil Wickremesinghe), വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്ത്യ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക കാല്‍വയ്‌പ്പാണ് ഈ യാത്രാക്കപ്പല്‍ സര്‍വീസെന്ന് പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
ഒരാൾക്ക് 7,670 രൂപ: നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് 6,500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം 18% ജിഎസ്‌ടി കൂടി ചേരുമ്പോള്‍ ഒരാള്‍ക്ക് 7670 രൂപയ്ക്ക് ശ്രീലങ്കന്‍ യാത്ര സാധ്യമാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ പാസ്‌പോര്‍ട്ടും വിസയും ഹാജരാക്കിയാല്‍ ചെറിയപാനി കപ്പലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയിലെ കന്‍കേശന്‍തുറയ്ക്കും ഇടയിലുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ചെറിയപാനിക്ക് ഏകദേശം മൂന്നുമണിക്കൂര്‍ സമയമെടുക്കും.
സൗജന്യ ബാഗേജ്: യാത്രികര്‍ക്ക് 40 കിലോ സൗജന്യ ബാഗേജും ചെറിയപാനി കപ്പലിൽ അനുവദിക്കുന്നുണ്ട്. വിമാന യാത്രയിൽ എക്കണോമി ക്ലാസിലെ ബാഗേജ് പരിധി 25 കിലോ മാത്രമാണ് എന്നിരിക്കെയാണ് തുച്‌ഛമായ ടിക്കറ്റ് നിരക്കില്‍ ഇത്രയധികം സൗജന്യ ബാഗേജ് നല്‍കുന്നത്.