ന്യൂഡൽഹി:ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കളുടെയും (എൻഎസ്‌എ) ഉന്നതരുടെയും യോഗത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌സിഒ) നിലവിലെ അധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഇന്ന് ന്യൂഡൽഹിയിലാണ് യോഗം ചേരുക.
പാകിസ്ഥാനും ചൈനയും എസ്‌സിഒ-എൻഎസ്‌എ മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുക്കാൻ സാധ്യതയുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ യോഗത്തിൽ പ്രാരംഭ പരാമർശങ്ങൾ നടത്തും.
ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) 2001-ൽ സ്ഥാപിതമായ ഒരു ഇന്‍റർ ഗവൺമെന്‍റൽ ഓർഗനൈസേഷനാണ്. ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ എട്ട് അംഗരാജ്യങ്ങളാണ് സംഘടനയിലുള്ളത്. റഷ്യൻ ഫെഡറേഷന്‍റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവ് ബുധനാഴ്‌ച ന്യൂഡൽഹിയിൽ നടക്കുന്ന എസ്‌സിഒ അംഗരാജ്യങ്ങളിലെ സുരക്ഷ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്ന് റഷ്യൻ സുരക്ഷ കൗൺസിലിന്‍റെ പ്രസ്‌താവനയെ മുൻനിർത്തി റഷ്യൻ എംബസി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു.
എന്താണ് ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ: ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അതിന്‍റെ അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു പ്രധാന സംഘടനയാണ്. എസ്‌സിഒയിലെ എട്ട് അംഗ രാജ്യങ്ങൾ ലോകത്തെ മൊത്തം ജനസംഖ്യയുടെ 42 ശതമാനത്തെയും ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.