കൊളംബോ :സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയ്‌ക്ക് സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടണ്‍ ഡീസല്‍ അടിയന്തരമായി ലങ്കയിലെത്തിച്ചു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചരക്ക് ദ്വീപരാഷ്‌ട്രത്തിലെത്തിയ വിവരം പുറത്തുവിട്ടത്.
500 മില്യണ്‍ വായ്‌പയ്‌ക്ക് കീഴിലുള്ള പ്രതിമാസ ഇന്ധന വിതരണത്തിന് പുറമേയാണ് ഇന്ത്യ കൂടുതല്‍ ഡീസല്‍ ലങ്കയ്‌ക്ക് കൈമാറിയത്. ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരമായി കൂടുതല്‍ ചരക്ക് എത്തിക്കണമെന്ന് ലങ്കന്‍ ഭരണകൂടം ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഇടപെടല്‍ നടത്തിയത്.
ലങ്കന്‍ ജനതയ്‌ക്ക് ആവശ്യമായ സാധനങ്ങളുമായി ഒരു കപ്പല്‍ ഞായറാഴ്‌ചയോടെ കൊളംബോയില്‍ എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ആദ്യം അയച്ച ദുരിതാശ്വാസ സാമഗ്രികൾ നിറച്ച കപ്പൽ ബുധനാഴ്‌ച ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ഭക്ഷ്യ വസ്‌തുക്കളും, ജീവന്‍ രക്ഷാമരുന്നുകളുമായാണ് കപ്പല്‍ ലങ്കയിലേക്ക് പുറപ്പെട്ടത്.