ഭോപ്പാല്‍/ചണ്ഡീഗഡ് :റഷ്യ യുക്രൈന്‍ യുദ്ധത്തിന്‍റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും വീശിയടിക്കുകയാണ്. ചില്ലറ വിപണിയില്‍ സൂര്യകാന്തി എണ്ണയുടെ വില വര്‍ധിച്ചു. ഒരു ലിറ്ററിന് 20 മുതല്‍ 30 രൂപവരെയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലായി വര്‍ധിച്ചത്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സൂര്യകാന്തി എണ്ണയുടെ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് വരുന്നത്.
സൂര്യകാന്തിഎണ്ണയ്ക്ക് പുറമെ പാമോയിലിന്‍റേയും, സോയാബീന്‍ എണ്ണയുടെയും വില രാജ്യത്ത് വര്‍ധിച്ചു. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടങ്ങിയതിന് ശേഷം ചരക്കുകള്‍ ഇരു രാജ്യങ്ങളിലേയും തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. കടുക് തുടങ്ങിയ എണ്ണകുരുക്കളുടേയും വില വര്‍ധിച്ചിരിക്കുകയാണ്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ വരുംനാളുകളില്‍ പല തരത്തിലുള്ള പാചക എണ്ണകളുടെ വില ഉയരുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
നിലവില്‍ സൂര്യകാന്തി എണ്ണയ്ക്ക് ഒരു ലിറ്ററിന് 170 മുതല്‍ 180 രൂപവരെയാണ് രാജ്യത്തെ ചില്ലറ വിപണികളിലെ വില. കടുക് എണ്ണയ്ക്ക് ലിറ്ററിന് 200 രൂപയും, സോയാബീന്‍ എണ്ണയ്ക്ക് ലിറ്ററിന് 160 മുതല്‍ 170 രൂപയുമാണ് വില. അതേസമയം വില വര്‍ധനവ് നിയന്ത്രിക്കാനായി എണ്ണകള്‍ പൂഴ്ത്തിവയ്ക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ALSO READ:ഇരുട്ടടി ; പാചക വാതകവില ഒറ്റയടിക്ക് കുത്തനെ കൂട്ടി
ചെറുകിട വ്യാപാരികള്‍ക്ക് പരമാവധി ശേഖരിച്ചുവയ്ക്കാനുള്ള എണ്ണയുടെ അളവ് 30 ക്വിന്‍റലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മൊത്തം കച്ചവടക്കാര്‍ക്ക് പരമാവധി 500 ക്വിന്‍റല്‍ വരെ ശേഖരിച്ചുവയ്ക്കാം. എണ്ണ ഡിപ്പോകള്‍ക്ക് പരമാവധി 100 ക്വിന്‍റല്‍ ശേഖരിച്ചുവയ്ക്കാനുള്ള അനുമതിയാണുള്ളത്.
ഇന്ത്യ പ്രതിവര്‍ഷം 25 ലക്ഷംടണ്‍ സൂര്യകാന്തി എണ്ണയാണ് ഇറക്കുമതിചെയ്യുന്നത്. ഇതില്‍ 17 ലക്ഷം ടണ്‍ ഇറക്കുമതിചെയ്യുന്നത് യുക്രൈനില്‍ നിന്നാണ്. രണ്ട് ലക്ഷം ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്.
സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയുടെ കാര്യത്തില്‍ ശക്തമായ വെല്ലുവിളികളാണ് ഇന്ത്യ നേരിടാന്‍ പോകുന്നതെന്ന് ചണ്ഡീഗഡ് ഡിഎവി കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസര്‍ ബിമല്‍ അന്‍ജും ഇടിവി ഭാരതിനോട് പറഞ്ഞു. യുക്രൈന്‍ സംഘര്‍ഷം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൂര്യകാന്തി എണ്ണ യുക്രൈന്‍ റഷ്യ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെങ്കിലും ആദായകരമായ രീതിയില്‍ ഇറക്കുമതി ചെയ്യുന്നതിന് വെല്ലുവിളി ഏറെയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ സൂര്യകാന്തി കൃഷിചെയ്യുന്നുണ്ട്. എന്നാല്‍ ഇത് പരിഷോപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂര്യകാന്തി കര്‍ഷകര്‍ക്ക് മതിയായ വരുമാനം ലഭ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നെങ്കില്‍ സൂര്യകാന്തി എണ്ണയ്ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു. അതേസമയം സൂര്യകാന്തി എണ്ണ ഉത്പാദനം സാങ്കേതിക വിദ്യ കൂടുതലായി വേണ്ട മേഖലയാണ്. അതിന് വലിയ നിക്ഷേപം വേണം. ഇതിനായി സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നുമാണ് ബിമല്‍ അന്‍ജും പറയുന്നത്.