ഓരോ യാത്രയും ആരംഭിക്കുന്നത് അത് സന്തോഷത്തോടെ ലക്ഷ്യത്തിലെത്തി ചേരും എന്നുള്ള പ്രതീക്ഷയോടെയാണ്. പക്ഷെ അത്തരം യാത്രകളിലൊന്ന് ജീവിത യാത്രയുടെ തന്നെ അന്ത്യം കുറിക്കുന്ന ഒന്നായി മാറുന്ന ദുരന്തത്തോളം വലുതായി മറ്റെന്തുണ്ട് ? രാജ്യത്ത് ലക്ഷകണക്കിന് കുടുംബങ്ങളെയാണ് റോഡ് അപകടങ്ങള്‍ ഇപ്പോഴും താറുമാറാക്കിക്കൊണ്ടിരിക്കുന്നത്. പക്ഷെ റോഡ് സുരക്ഷ ഇപ്പോഴും ഒരു മിഥ്യാധാരണയായി തുടരുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബസ് വിശാഖപട്ടണത്തിനടുത്ത് അപകടകരമായ ഒരു വളവ് കടക്കുമ്പോള്‍ 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ അറാകു താഴ്‌വരയില്‍ നിന്നും മടങ്ങി വരികയായിരുന്നു ആ ബസ്. തെലങ്കാനയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. ഇതിന് തൊട്ടുപിറകെ ആന്ധ്രയിലെ തന്നെ കുര്‍ണൂര്‍ ജില്ലയില്‍ മറ്റൊരു റോഡപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കര്‍ണാടകയില്‍ ഒരു റോഡ് അപകടത്തില്‍ 13 പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ റോഡരികില്‍ കിടന്നുറങ്ങിയിരുന്ന 15 തൊഴിലാളികളുടെ മേല്‍ അതിവേഗത്തില്‍ പാഞ്ഞ് വന്ന ഒരു വാഹനം കയറി കുറേ ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഈ അപകടത്തിന്‍റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുമ്പ് പശ്ചിമ ബംഗാളിലുണ്ടായ അപകടത്തില്‍ 14 പേരും കൊല്ലപ്പെട്ടു. ഏറ്റവും ഒടുവില്‍ മധ്യപ്രദേശില്‍ ഉണ്ടായ ബസപകടത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് അവസാനം കിട്ടിയ വാര്‍ത്ത. റോഡുകളില്‍ ദുരന്തം വിതയ്ക്കുന്ന അപകട യാത്രകള്‍ ഇങ്ങനെ അന്ത്യമില്ലാതെ തുടരുകയാണ്.
ശരാശരി ഒരു ദിവസം രാജ്യത്ത് 415 പേര്‍ വിവിധ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇത്തരം അപകടങ്ങളിലൂടെ പ്രതിവര്‍ഷം മൂന്നര ലക്ഷത്തോളം പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതായി മാറുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോകത്തെ മൊത്തം വാഹനങ്ങളുടെ വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നിട്ടും ലോകത്ത് മൊത്തത്തില്‍ നടക്കുന്ന റോഡപകടങ്ങളുടെ ആറ് ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത്. ലോകത്താകമാനം സംഭവിക്കുന്ന റോഡപകട മരണങ്ങളുടെ 11 ശതമാനവും ഇന്ത്യയിലാണുണ്ടാകുന്നത്. റോഡപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയും ജപ്പാനും ഏതാണ്ട് ഒരേ പാതയിലൂടേയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ ജപ്പാനില്‍ 5000ത്തില്‍ കുറവ് ആളുകള്‍ മാത്രമാണ് മരിക്കുന്നത്. ഇതിന് വിരുദ്ധമായി ഓരോ വര്‍ഷവും ഇന്ത്യയിലെ റോഡപകടങ്ങളില്‍ മരിക്കുന്നത് ഒന്നര ലക്ഷത്തിലധികം പേരാണ്. റോഡ് സുരക്ഷാ വാരങ്ങള്‍ ആചരിക്കുന്നത് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് നമ്മുടെ രാജ്യത്ത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിച്ച് എന്ന വസ്തുത ജനങ്ങളുടെ ജീവന് മേലുള്ള അവകാശത്തിന് മേല്‍ വലിയ ചോദ്യ ചിഹ്നമാണ് ഉയര്‍ത്തുന്നത്. കൊവിഡ് മഹാമാരിയേക്കാള്‍ അത്യധികം അപകടകരമാണ് റോഡ് അപകടങ്ങള്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു സ്ഥിതി വിശേഷത്തില്‍ നിന്നും രാജ്യത്തെ കരകയറ്റുന്നതിന് വേണ്ട നടപടികള്‍ എന്തെങ്കിലും അവര്‍ കൈകൊണ്ടിട്ടുണ്ടോ?