ഇംഫാല്‍ :മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) പ്രതിനിധികള്‍ രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയെ കണ്ടു. മെയ് 4 മുതല്‍ വംശീയ കലഹവും അക്രമവും നടക്കുന്ന മണിപ്പൂരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്‌ച (ജൂലൈ 29) ആണ് മഹാ പ്രതിപക്ഷ സഖ്യത്തിന്‍റെ 21 അംഗ പ്രതിനിധി സംഘം സംസ്ഥാനത്ത് എത്തിയത്. കൂടിക്കാഴ്‌ചയില്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയ്‌ക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് രാഷ്‌ട്രീയ ജനതാദള്‍ എംപി മനോജ് ഝാ നേരത്തേ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുമെന്നും ഝാ പറഞ്ഞു. അതേസമയം മണിപ്പൂരിലെ സ്ഥിതി ഗുരുതരമാണെന്ന് പ്രതിപക്ഷ സംഘത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുസ്‌മിത ദേവ് വ്യക്തമാക്കി.
'ഇവിടെ സ്ഥിതി ഗുരുതരമാണ്, മാധ്യമങ്ങളിൽ ഇത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗവർണർക്ക് സംയുക്ത നിവേദനം സമർപ്പിക്കാനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ ഗവര്‍ണറോട് ആവശ്യപ്പെടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വിവരം അറിയിക്കാൻ ഞങ്ങൾ ഗവർണറോട് അഭ്യർഥിക്കും' - സുസ്‌മിത ദേവ് പറഞ്ഞു.
കലാപത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ മണിപ്പൂര്‍ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ സഖ്യം നേരത്തേ വ്യക്തമാക്കിയിരുന്നു. വംശീയ കലാപത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട തദ്ദേശീയരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ സഖ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്താനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാന്‍ തയ്യാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ പ്രതിനിധികള്‍ വ്യക്തമാക്കി.
സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് പ്രതിനിധികളെ അയക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ പ്രതിനിധികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി സംഘത്തോടൊപ്പം സംസ്ഥാനം സന്ദർശിക്കുകയാണെങ്കിൽ സന്തോഷത്തോടെ അവരോടൊപ്പം ചേരുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷം ഓടിപ്പോവുകയാണെന്നും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.
Also Read:I.N.D.I.A In Manipur| കൈത്താങ്ങേകാന്‍ ഇന്ത്യ സഖ്യം മണിപ്പൂരില്‍; 'ലക്ഷ്യം ജനങ്ങളെ കേള്‍ക്കല്‍, ആവശ്യം പാര്‍ലമെന്‍റില്‍ ഉയര്‍ത്തും'
ജനങ്ങളെ കേൾക്കണമെന്നും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തങ്ങള്‍ക്ക് പാർലമെന്‍റില്‍ അറിയിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് എംപി ആധിർ രഞ്ജൻ ചൗധരി നേരത്തേ പ്രതികരിച്ചിരുന്നു. സന്ദര്‍ശനത്തിനായി ഇംഫാൽ വിമാനത്താവളത്തിലെത്തിയ ശേഷം ദേശീയ വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹം പ്രതിപക്ഷ സഖ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്. 21 അംഗ പ്രതിനിധി സംഘത്തിൽ ലോക്‌സഭയിലേയും രാജ്യസഭയിലേയും എംപിമാരായ ആധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, രാജീവ് രഞ്‌ജൻ ലാലൻ സിങ്, സുസ്‌മിത ദേവ്, കനിമൊഴി കരുണാനിധി, പി സന്തോഷ് കുമാർ, എഎ റഹീം തുടങ്ങിയവരാണുള്ളത്. പ്രതിപക്ഷ സംഘത്തെ മണിപ്പൂർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ് സ്വീകരിച്ചു.