ന്യൂഡൽഹി : ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന (India Reports New Covid Cases, Mostly From Kerala). ഇന്ന് (ഡിസംബര്‍ 10) രാജ്യമെമ്പാടുമായി 166 പുതിയ കൊവിഡ് 19 കേസുകൾ രേഖപ്പെടുത്തിയതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇതോടെ നിലവിൽ ഇന്ത്യയിൽ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 895 ആയി. പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്‌തത് കേരളത്തിലാണ്.
നിലവിൽ ശരാശരി പ്രതിദിന കേസുകൾ 100 ആണ്. ശൈത്യകാലത്ത് ജലദോഷവും പകർച്ചപ്പനിയും പോലുള്ള രോഗങ്ങൾ വർധിക്കാറുള്ളതിനാൽ പുതിയ കൊവിഡ് കേസുകൾക്ക് കാലാവസ്ഥയുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
കൊവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം ഇക്കഴിഞ്ഞ ജൂലൈയിൽ ആണ്. 24 പുതിയ കേസുകൾ മാത്രമാണ് ജൂലൈയിലെ ഒരു ദിവസം രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4.44 കോടിയാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,33,306 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ മരണനിരക്ക് 1.19 ശതമാനമാണ്.
അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ്-19 വാക്‌സിൻ നൽകിയിട്ടുണ്ട്.
അമിതഭാരമുള്ളവരില്‍ കൊവിഡ് വാക്‌സിൻ ഫലപ്രദമോ?:അമിതഭാരമുള്ളവരിൽ കൊവിഡ് വാക്‌സിൻ ഫലപ്രദമാകില്ലെന്ന പ്രചാരണം തെറ്റെന്ന പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു (Being Overweight Dont Affect Covid Vaccine Protection). അമിതഭാരം കൊവിഡ് വൈറസായ SARS-CoV-2 അണുബാധയോടുള്ള ശരീരത്തിന്‍റെ ആന്‍റിബോഡി പ്രവർത്തനത്തെ ബാധിക്കും. എന്നാൽ ഇത് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ബാധിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡ് സർവകലാശാലയില്‍ (University of Queensland, Australia) നടന്ന പഠനത്തിലെ കണ്ടെത്തല്‍. ക്ലിനിക്കൽ & ട്രാൻസ്ലേഷണൽ ഇമ്മ്യൂണോളജി ജേണലിലാണ് (Clinical & Translational Immunology Journal) പഠനം പ്രസിദ്ധീകരിച്ചത്.
Also Read:കൊവിഡ് വാക്‌സിനെ പഴിചാരേണ്ട; യുവാക്കളിൽ പെട്ടന്നുള്ള മരണത്തിന് വാക്‌സിൻ കാരണമാകുന്നില്ല, ഐ സി എം ആർ
അമിതഭാരമുള്ള ആളുകളെ കൊവിഡ് വൈറസ് എങ്ങനെ ബാധിക്കുന്നു എന്നായിരുന്നു പഠനം. കൊവിഡ് മുക്തി നേടി ഏകദേശം മൂന്ന് മാസമായവരിൽ നിന്നും, 13 മാസത്തിന് ശേഷം വീണ്ടും അണുബാധയുണ്ടാകാത്തവരിൽ നിന്നും ഗവേഷകർ രക്ത സാമ്പിളുകൾ ശേഖരിച്ചു. അമിതവണ്ണമുള്ളത് മാത്രമല്ല SARS-CoV-2 വൈറസിന്‍റെ തീവ്രത വർധിപ്പിക്കുന്നതെന്ന് തങ്ങൾ മുൻപ് തെളിയിച്ചിട്ടുണ്ടെന്ന് ക്വീൻസ്‌ലാന്‍ഡ് സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷകൻ മാർക്കസ് ടോംഗ് പറഞ്ഞു.
'ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത് അമിതഭാരം SARS-CoV-2 അണുബാധയ്ക്കുള്ള ആന്‍റിബോഡി പ്രവർത്തനത്തെ ദുർബലമാക്കുന്നതായാണ്, പക്ഷേ വാക്‌സിനേഷനെയല്ല. അണുബാധയ്‌ക്ക് ശേഷമുള്ള 13 മാസങ്ങളിൽ ഒരാളുടെ ഉയർന്ന ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ആന്‍റിബോഡി പ്രവർത്തനം, ബി സെല്ലുകളുടെ കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊവിഡിനെതിരെ പോരാടുന്ന ആന്‍റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു തരം സെല്ലാണിവ' -മാർക്കസ് ടോംഗ് വിശദീകരിച്ചു.
രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകിയതിന് ശേഷം ആറ് മാസത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന ബിഎംഐ കൊവിഡ് വാക്‌സിനോടുള്ള ആന്‍റിബോഡി പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും ഗവേഷകർ കണ്ടെത്തി. തങ്ങളുടെ പഠനം മെച്ചപ്പെട്ട ആരോഗ്യനയം രൂപപ്പെടുത്താൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
അതേസമയം അമിതഭാരമുള്ളവർക്ക് ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യതയും, കുറഞ്ഞ പ്രതിരോധശേഷിയും കണക്കിലെടുക്കുമ്പോൾ അവർക്ക് വീണ്ടും കൊവിഡ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ക്വീൻസ്‌ലാന്‍റ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ കിർസ്റ്റി ഷോർട്ട് ചൂണ്ടിക്കാട്ടി. ഇത്തരക്കാർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. നിലവിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും, ഭാവിയിൽ ഇതുപോലുള്ള മഹാമാരികളെ നേരിടാനും അമിതഭാരമുള്ള ആളുകൾക്ക് കൂടുതൽ വ്യക്തിഗത ശുപാർശകൾ ആവശ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നതായും അവർ പറഞ്ഞു.
Also Read:What Is Disease X Pandemic കൊവിഡിനേക്കാൾ 20 മടങ്ങ് പ്രഹരശേഷി, എന്താണ് ഡിസീസ് എക്‌സ്?, എങ്ങനെ പടരാം?
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ SARS-CoV-2 വാക്‌സിനേഷന്‍ മെച്ചപ്പെടുത്താന്‍ തങ്ങളുടെ പഠനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും കിർസ്റ്റി ഷോർട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ഈ രാജ്യങ്ങളിൽ അമിതഭാരമുള്ളതും, അതുമൂലം രോഗപ്രതിരോഷ ശേഷി കുറഞ്ഞതുമായ നിരവധി ആളുകളുണ്ടെന്നും ഷോർട്ട് കൂട്ടിച്ചേർത്തു.