ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പ്രതിദിന നിരക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7% വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 12,72,073 ആയി ഉയർന്നപ്പോൾ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമാണ്. മഹാരാഷ്‌ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. വ്യാപനം തടയുന്നതിനായി പ്രാദേശികമായി നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.