കേരളം

kerala

ETV Bharat / bharat

India - Pak Love Story | അനധികൃതമായി താമസിച്ച പാക് യുവതിക്കും കാമുകനായ യുപി സ്വദേശിക്കും ജാമ്യം - അനധികൃതമായി താമസിച്ച പാക് യുവതി

നേപ്പാള്‍ വഴിയാണ്, പാകിസ്ഥാന്‍ സ്വദേശിനിയും നാല് മക്കളും അനധികൃതമായി രാജ്യത്തെത്തിയത്

Etv Bharat
Etv Bharat

By

Published : Jul 8, 2023, 7:41 AM IST

Updated : Jul 8, 2023, 1:10 PM IST

നോയിഡ:ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ചതിന് അറസ്റ്റിലായ പാക് യുവതിക്കും സഹായമൊരുക്കിയ കാമുകനായ ഗ്രേറ്റർ നോയിഡ സ്വദേശിക്കും ജാമ്യം. സീമ ഗുലാം ഹൈദർ (30), സച്ചിൻ മീണ (25) എന്നിവര്‍ക്കാണ് ഗ്രേറ്റർ നോയിഡ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓൺലൈൻ ഗെയിമായ പബ്‌ജി വഴി ഇരുവരും പ്രണയത്തിലാവുകയും തുടര്‍ന്ന് യുവതി തന്‍റെ നാല് മക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തുകയുമായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് സീമയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയെന്ന കുറ്റമാണ് സച്ചിനെതിരായി പൊലീസ് രേഖപ്പെടുത്തിയത്. തങ്ങള്‍ പരസ്‌പരം പ്രണയത്തിലാണെന്നും വിവാഹം കഴിച്ച് ഇന്ത്യയിൽ ഒരുമിച്ച് താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും സച്ചിനും സീമയും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്‍പില്‍ പറഞ്ഞിരുന്നു.

യുവതിയേയും കുട്ടികളേയും താമസിപ്പിച്ചത് റബുപുര പ്രദേശത്ത്:ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ചതിന് പാകിസ്ഥാൻ യുവതിയും നാല് കുട്ടികളും പുറമെ ഗ്രേറ്റർ നോയിഡ സ്വദേശിയും ജൂലൈ മൂന്നിനാണ് പൊലീസിന്‍റെ പിടിയിലായത്. ഓൺലൈൻ ഗെയിമായ പബ്‌ജി വഴി പരിചയപ്പെടുകയും തുടര്‍ന്ന് യുവതിയുമായി പ്രണയത്തിലാവുകയും ചെയ്‌ത യുപി സ്വദേശിയായ യുവാവാണ്, ഇവരെ നോയിഡയില്‍ താമസിപ്പിച്ചത്. ഈ വീട്ടിലെത്തിയാണ് പൊലീസിന്‍റെ നടപടി.

ALSO READ |Uttar Pradesh | പബ്‌ജി വഴി യുപിയിലെ യുവാവുമായി പ്രണയം ; പാക് യുവതിയും നാല് മക്കളും ഇന്ത്യയില്‍, ഒടുവില്‍ അറസ്റ്റില്‍

പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്തെ സച്ചിൻ എന്ന യുവാവുമായാണ് ഇവര്‍ പ്രണയത്തിലായത്. ഇയാള്‍ക്കൊപ്പമാണ് യുവതിയും കുട്ടികളും താമസിച്ചുവന്നത്. നാല് കുട്ടികളോടൊപ്പം പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റബുപുര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഇതോടെയാണ്, നടപടി സ്വീകരിച്ചതെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ സോഷ്യൽ ഇന്‍റലിജൻസ്, ഇലക്‌ട്രോണിക് നിരീക്ഷണ വിഭാഗം എന്നിവയുടെ സഹായത്തോടെ പൊലീസ് അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.

'പാകിസ്ഥാൻ യുവതി, നോയിഡ സ്വദേശിയായ യുവതിയുടെ കാമുകന്‍, സ്‌ത്രീയുടെ നാല് കുട്ടികള്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പാകിസ്ഥാൻ യുവതിയും നോയിഡക്കാരനായ യുവാവും ഓൺലൈൻ ഗെയിമായ പബ്‌ജിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് അവർ തമ്മിലുള്ള സൗഹൃദത്തിലേക്ക് നയിച്ചു. ഇതാണ് യുവതിയേയും മക്കളേയും യുപിയില്‍ എത്തിക്കാനിടയാക്കിയത്. പിടിയിലായ യുവാവിനേയും യുവതിയേയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ കഴിഞ്ഞാൽ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിടാം' - അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് ജൂലൈ അഞ്ചിന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

READ MORE |'രാജ്യത്ത് അനധികൃതമായി താമസിച്ചു' ; പാക് യുവതി കര്‍ണാടകയില്‍ അറസ്റ്റില്‍

Last Updated : Jul 8, 2023, 1:10 PM IST

ABOUT THE AUTHOR

...view details